

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തമീം ഇഖ്ബാലിനെ (Tamim Iqbal) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമീംധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടയിലാണ് തമീമിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തമീമിനെ ആശുപത്രിയിലേക്ക് വേഗത്തിൽ കൊണ്ടുപോകാൻ ഒരു ഹെലികോപ്റ്റർ ഏർപ്പാട് ചെയ്തിരുന്നുവെങ്കിലും അത് പറത്താൻ കഴിഞ്ഞില്ല. തുടർന്ന് തമീമിനെ ഫാസിലതുന്നെസ ആശുപത്രിയിലേക്ക് കൊണ്ടുപോയി.( Tamim Iqbal Critically Ill)
ബംഗ്ലാദേശിലെ പ്രാദേശികമായ ജമുന ടിവിയുടെ റിപ്പോർറ്റുകൾ പ്രകാരം തമീമിന്റെ നില ഗുരുതരമാണെന്നും ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. തമീമിനെ ധാക്കയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്, എന്നാൽ അദ്ദേഹത്തിന്റെ നില ഗുരുതരമായതിനാൽ ധാക്കയിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യനായ ഡോ. ദേബാഷിഷ് ചൗധരി, തമീമിന് കടുത്ത ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകാരണം നടത്തിയിട്ടുണ്ട്.
"ഒരു പ്രാദേശിക ആശുപത്രിയിൽ അദ്ദേഹത്തെ പ്രാഥമിക പരിശോധനകൾക്ക് വിധേയനാക്കി, അവിടെ നേരിയ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിച്ച്. ധാക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ ഹെലിപാഡിലേക്കുള്ള വഴിയിൽ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു, ഉടൻ തന്നെ തിരികെ കൊണ്ടുവരേണ്ടിവന്നു. പിന്നീട് മെഡിക്കൽ റിപ്പോർട്ടുകൾ അത് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു," ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി പറഞ്ഞു.
ഈ വർഷം ആദ്യം തമീം ഇഖ്ബാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2023 ജൂലൈയിൽ അദ്ദേഹം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ബംഗ്ലാദേശ് ടീമിലേക്ക് മടങ്ങാൻ തമീമിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ആ അഭ്യർത്ഥന നിരസിച്ചു. വിരമിക്കൽ സ്ഥിരീകരിക്കുന്നതിനായി അദ്ദേഹം ഫേസ്ബുക്കിൽ ഒരു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
"ഞാൻ വളരെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്," അദ്ദേഹം ഫേസ്ബുക്കിൽ എഴുതി. "ആ ദൂരം നിലനിൽക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ എന്റെ അധ്യായം അവസാനിച്ചു. ഞാൻ വളരെക്കാലമായി ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി പോലുള്ള ഒരു വലിയ ഇവന്റ് വരാനിരിക്കുന്നതിനാൽ, ആരുടെയും ശ്രദ്ധാകേന്ദ്രമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് ടീമിന്റെ ശ്രദ്ധ നഷ്ടപ്പെടാൻ ഇടയാക്കും. തീർച്ചയായും, ഇത് മുമ്പ് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല.
"ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ എന്നോട് ടീമിലേക്ക് മടങ്ങാൻ ആത്മാർത്ഥമായി ആവശ്യപ്പെട്ടു. സെലക്ഷൻ കമ്മിറ്റിയുമായും ചർച്ചകൾ നടന്നു. എന്നെ ഇപ്പോഴും ടീമിൽ പരിഗണിക്കുന്നതിൽ ഞാൻ അവരോട് നന്ദിയുള്ളവനാണ്. എന്നിരുന്നാലും, ഞാൻ എന്റെ സ്വന്തം ഹൃദയം പറയുന്നത് കേട്ടു."
ബംഗ്ലാദേശിനായി 70 ടെസ്റ്റുകളും, 243 ഏകദിനങ്ങളും, 78 ടി20 മത്സരങ്ങളും കളിച്ച തമീം ഇഖ്ബാൽ യഥാക്രമം 5134, 8357, 1778 റൺസ് നേടിയിട്ടുണ്ട്.