
പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് പൈപ്പ്‌ലൈൻ കേന്ദ്രത്തിന് നേരെ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി.) തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ കോട് ലാലുവിനടുത്തുള്ള സുയി നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻ (എസ്.എൻ.ജി.പി.എൽ.) കമ്പനിയുടെ സുരക്ഷാ സേനാ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിൽ അഞ്ച് അർദ്ധസൈനികരാണ് കൊല്ലപ്പെട്ടത്. ഒരു ഡസനിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഏജൻസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സുരക്ഷാ സേന നടത്തിയ ശക്തമായ തിരിച്ചടിയിൽ, നിരോധിത സംഘടനയായ ടി.ടി.പി. അംഗങ്ങളായ എട്ട് തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.