വാഷിംഗ്ടൺ: യു.എസ്. ഭീകരവാദികളുടെ കരിമ്പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെ, സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ഷറ സുപ്രധാനമായ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തി. ശനിയാഴ്ച (നവംബർ 8, 2025) അദ്ദേഹം യു.എസിൽ എത്തിയതായി സിറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Syrian President in the US for an official visit)
സിറിയൻ പ്രസിഡൻ്റ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽവെച്ച് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കാണും എന്നാണ് വിവരം. 1946-ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു സിറിയൻ പ്രസിഡൻ്റ് ഇത്തരമൊരു സന്ദർശനം നടത്തുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
സിറിയയിലെ ദീർഘകാല ഭരണാധികാരിയായിരുന്ന ബഷാർ അൽ അസദിനെ കഴിഞ്ഞ വർഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമറിച്ചാണ് അൽ ഷറ അധികാരം പിടിച്ചെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്.) യു.എസ്. നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിൽ ചേരാനുള്ള കരാറിൽ അൽ ഷറ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
സിറിയയിലെ യു.എസ്. പ്രതിനിധി ടോം ബരാക്ക് ഈ മാസം ആദ്യം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മേയിൽ യു.എസ്. പ്രസിഡൻ്റിൻ്റെ മേഖലാ പര്യടനത്തിനിടെ റിയാദിൽ വെച്ചാണ് ഇടക്കാല നേതാവെന്ന നിലയിൽ അൽ ഷറ ട്രംപിനെ ആദ്യമായി കണ്ടത്.