ബോണ്ടി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ നടന്ന ഭീകരാക്രമണത്തിൽ തോക്കുധാരികളെ നിരായുധനാക്കാൻ ധീരതയോടെ മുന്നോട്ട് വന്നയാളെ തിരിച്ചറിഞ്ഞു. സിഡ്‌നിയിൽ പഴക്കച്ചവടക്കാരനായ 43-കാരനായ അഹമ്മദ് അൽ അഹമ്മദാണ് ആ 'റിയൽ ലൈഫ് ഹീറോ'.(Sydney terror attack 'hero' identified)
അക്രമികളെ ധീരമായി നേരിട്ടതിനിടെ അഹമ്മദിന് രണ്ട് തവണ വെടിയേറ്റിരുന്നു. അഹമ്മദിന്റെ നിർണ്ണായകമായ ഇടപെടലാണ് അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ സഹായിച്ചത്. നിലവിൽ ഇദ്ദേഹം സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമി വെടിയുതിർക്കുന്നതിനിടെ, നിരായുധനായ ഒരാൾ തോക്കുധാരികളെ സധൈര്യം നേരിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ വ്യക്തി അഹമ്മദാണെന്ന് വൈകാതെ തിരിച്ചറിയുകയായിരുന്നു.
കാറുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന ശേഷമാണ് അഹമ്മദ് തോക്കുധാരിയുടെ അടുത്തേക്ക് ഓടിയെത്തിയത്. തുടർന്ന് ഇയാളെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്തു. തട്ടിയെടുത്ത തോക്ക് അക്രമിക്ക് നേരെ തന്നെ ചൂണ്ടുകയും ചെയ്തു. അഹമ്മദിന്റെ ധീരമായ ഈ ചെറുത്തുനിൽപ്പ് കൂടുതൽ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.