

സിഡ്‌നി: ജൂത മതാചാരമായ ഹനുക്ക ആഘോഷത്തിനിടെ സിഡ്‌നി ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഞായറാഴ്ച നടന്ന ക്രൂരമായ ആക്രമണത്തിൽ ഒരു അക്രമി ഉൾപ്പെടെ 16 പേർ കൊല്ലപ്പെടുകയും 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 10 വയസ്സുള്ള പെൺകുട്ടിയും 87 വയസ്സുള്ള വയോധികനും ഉൾപ്പെടുന്നു.
ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം (50), ഓസ്‌ട്രേലിയയിൽ ജനിച്ച മകൻ നവീദ് അക്രം (24) എന്നിവരാണ് ആക്രമണം നടത്തിയത്.
ഇവർ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ISIS) നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഭീകരാക്രമണം നടത്തിയതെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് സ്ഥിരീകരിച്ചു.
നവംബർ 1 മുതൽ 28 വരെ ഇരുവരും ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നു. ദക്ഷിണ ഫിലിപ്പീൻസിലെ തീവ്രവാദി ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. 10 മിനിറ്റോളം നീണ്ടുനിന്ന വെടിവയ്പ്പിൽ 50 മുതൽ 100 തവണ വരെ ഇവർ നിറയൊഴിച്ചതായി പോലീസ് കണ്ടെത്തി.
1998-ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാജിദ് അക്രം ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ടാണ് കൈവശം വച്ചിരുന്നത്. എന്നാൽ ഇന്ത്യയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നില്ല. കുടിയേറ്റത്തിന് ശേഷം ആകെ ആറ് തവണ മാത്രമാണ് ഇയാൾ നാട്ടിൽ വന്നത്. സ്വന്തം പിതാവ് മരിച്ചപ്പോൾ പോലും സാജിദ് ഹൈദരാബാദിലേക്ക് എത്തിയിരുന്നില്ലെന്ന് തെലങ്കാന പോലീസ് വ്യക്തമാക്കി.
മകൻ നവീദ് ഓസ്‌ട്രേലിയയിൽ ജനിച്ചയാളാണ്. ഏറ്റുമുട്ടലിനിടെ സാജിദ് കൊല്ലപ്പെട്ടപ്പോൾ നവീദ് പരിക്കുകളോടെ പോലീസ് കാവലിൽ ചികിത്സയിലാണ്. ശവസംസ്കാര ചടങ്ങുകൾ നടന്ന ബോണ്ടി ബീച്ചിന് സമീപത്തെ തെരുവുകളിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂത വിശ്വാസപ്രകാരം 24 മണിക്കൂറിനുള്ളിൽ സംസ്കാരം നടക്കേണ്ടതാണെങ്കിലും നിയമനടപടികൾ കാരണമാണ് ചടങ്ങുകൾ വൈകിയത്.