സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ഉണ്ടായ വെടിവയ്പ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളിലൊരാളായ നവീദ് അക്രം പാകിസ്താന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു.
ആക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.നഗരപ്രാന്തത്തിലുള്ള അക്രമിയുടെ വീട് റെയ്ഡ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.അക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ബീച്ചിനടുത്തു പാർക്കു ചെയ്തിരുന്ന അക്രമികളുടെ കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.
പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രത്തിന് 24 വയസ് മാത്രമാണ് പ്രായം. സിഡ്നിയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ് അക്രം എന്നും, ഇയാള്‍ ഓസ്ട്രേലിയയിലെയും പാകിസ്താനിലെയും സര്‍വകലാശാലകളില്‍ മുമ്പ് പഠിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിഡ്നിയിലെ ബോണിറിഗ് സബര്‍ബിലുള്ള അക്രമിന്റെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്ന് രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.