'യുഎസിനെ പിന്തുണച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും'; രാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ് | China warns countries

മറ്റുള്ളവരുടെ ലാഭത്തിനുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നത് ഒടുവിൽ എല്ലാവർക്കും ദോഷകരമാവും
China
Updated on

ബീജിംഗ്: യുഎസുമായി വ്യാപാര കരാറുകളിലേർപ്പെടുന്ന രാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്. യുഎസിനെ പിന്തുണയ്ക്കുന്നതും ചൈനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ചെയ്യുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങൾക്ക് യുഎസ് 10 ശതമാനം താരിഫ് ഏർ‌പ്പെടുത്തിയപ്പോൾ ചൈനയ്ക്ക് 145 ശതമാനമാണത്. ഇതിന് മറുപടിയായി യുഎസ് ഉൽപന്നങ്ങൾക്ക് ചൈന താരിഫ് 125 ശതമാനമായി വർധിപ്പിക്കുകയും ചെയ്തിരുന്നു.

‘‘യുഎസിനെ പ്രീതിപ്പെടുത്തുന്നത് സമാധാനം കൊണ്ടുവരാൻ ഇടയാക്കില്ല. വ്യാപാരയുദ്ധത്തിൽ ഇത്തരം വിട്ടുവീഴ്ചകൾ ചെയ്യുന്നത് ആദരിക്കപ്പെടുകയില്ല. മറ്റുള്ളവരുടെ ലാഭത്തിനുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നത് ഒടുവിൽ എല്ലാവർക്കും ദോഷകരമാവും.’’– ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് ചൈന നോക്കിനിൽക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചൈനയുമായി ചർച്ചകൾ തുടരുകയാണെന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, യുഎസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും അത് അംഗീകരിച്ചു കൊടുത്താൽ, ലോകം ‘കാട്ടുനീതി’യിലേക്ക് തിരികെ പോകേണ്ടി വരുമെന്നുമാണ് ചൈന പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com