
വാഷിംഗ്ടൺ : കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും അപകടകരമായ കഠിന ചൂടുള്ള ദിവസങ്ങൾ ('Superhot days') കുത്തനെ വർദ്ധിക്കുന്നതായി പുതിയ പഠനം. 1991-നും 2020-നും ഇടയിലെ ദിവസങ്ങളേക്കാൾ 90 ശതമാനത്തിലേറെ കൂടുതൽ ചൂടുള്ള ദിവസങ്ങളാണ് നിലവിൽ അനുഭവപ്പെടുന്നതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷനും യു.എസ്. ആസ്ഥാനമായുള്ള ക്ലൈമറ്റ് സെൻട്രലും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.
പാരീസ് കരാർ നൽകിയ ആശ്വാസം
കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിൽ ലോകരാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ ഫലമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്. 2015-ലെ പാരീസ് കാലാവസ്ഥാ കരാറിന് മുൻപുള്ള നിഗമനമനുസരിച്ച്, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം വിനാശകരമായ 4°C (7.2°F) താപനില വർദ്ധനയിലേക്ക് കുതിക്കുമായിരുന്നു. ഇത് പ്രതിവർഷം 114 അധിക കഠിന ചൂട് ദിവസങ്ങൾക്ക് കാരണമാകുമായിരുന്നു. കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ ഉത്തരവാദിത്തങ്ങൾ ലോകരാഷ്ട്രങ്ങൾ നിറവേറ്റുകയാണെങ്കിൽ, ലോകം ഇപ്പോൾ 2.6°C (4.7°F) താപവർദ്ധനവിലേക്കാണ് നീങ്ങുന്നത്.
2100-ൽ 57 സൂപ്പർഹോട്ട് ദിനങ്ങൾ
നിലവിലെ സാഹചര്യമനുസരിച്ച്, 2100 ആകുമ്പോഴേക്കും ഭൂമിയിൽ പ്രതിവർഷം 57 'സൂപ്പർഹോട്ട്' ദിവസങ്ങൾ ഉണ്ടാകുമെന്നാണ് പഠനം കണക്കാക്കുന്നത്. അതായത്, ഏകദേശം രണ്ട് മാസത്തോളം അപകടകരമായ ഉയർന്ന താപനില അക്കാലത്തെ ജനങ്ങളും ജന്തുജാലങ്ങളും അനുഭവിക്കേണ്ടി വരും. എങ്കിലും, നേരത്തേ കണക്കുകൂട്ടിയ താപവർദ്ധനവിന്റെയും സൂപ്പർഹോട്ട് ദിവസങ്ങളുടെയും എണ്ണത്തേക്കാൾ ഇത് പകുതിയിലേറെ കുറവാണെന്നത് ശ്രദ്ധേയമായ ആശ്വാസമാണ് നൽകുന്നത്.