ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിന് നേരെ തോക്കുധാരികളായ തീവ്രവാദികളുടെ ആക്രമണം. തിങ്കളാഴ്ച നടന്ന ഈ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു.(Suicide bomber attack on paramilitary headquarters in Peshawar, 3 dead)
ആക്രമണത്തിന് പിന്നാലെ സൈന്യവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. ഹെഡ്ക്വാർട്ടേഴ്സിനുള്ളിൽ ഇപ്പോഴും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
തീവ്രവാദികളുടെ ആക്രമണം അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചത്. രണ്ട് ചാവേറുകളും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യ ചാവേർ ഹെഡ്ക്വാർട്ടേഴ്സ് കവാടത്തിലും രണ്ടാമൻ കോമ്പൗണ്ടിനുള്ളിലും സ്ഫോടനം നടത്തിയെന്നാണ് വിവരം.
സൈനിക കന്റോൺമെന്റിന് സമീപത്തും നിരവധി ആളുകൾ താമസിക്കുന്ന മേഖലയിലുമാണ് പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെ തുടർന്ന് മേഖലയിലെ റോഡുകൾ അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക്, ഏറ്റുമുട്ടൽ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.