
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ.സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പ്രദേശവാസികളും, സൈനികരും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും, പൊലീസും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ പരിക്കേറ്റ പത്ത് പേർ സൈനികരാണ്. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു. ആറ് കുട്ടികൾക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഭീകര സംഘടനയായ താലിബാൻ ഏറ്റെടുത്തു.