

1981 മാർച്ച് 6, പശ്ചിമ ജർമ്മനിയിലെ ലുബെക്ക് ജില്ലാ കോടതി. സമയം പത്തുമണി കഴിഞ്ഞു കാണും. അന്ന് സുപ്രധാനമായ ഒരു കേസിന്റെ വിചാരണയുടെ മൂന്നാം ദിവസമായിരുനിന്നു . കോടതി മുറിയുടെ ഒരു ഭാഗത്തായി ക്ലോസ് ഗ്രാബോവ്സ്കി (Klaus Grabowski) എന്ന കൊടും കുറ്റവാളിയും, മറ്റൊരു വശത്ത് അയാൾ ക്രൂരമായി കൊലപ്പെടുത്തിയ കുഞ്ഞ് അന്നയുടെ അമ്മയും. ജഡ്ജിയും, അഭിഭാഷകരും മാധ്യമപ്രവത്തകരും, പോലീസ് ഉദ്യോഗസ്ഥരും, പൊതുജനങ്ങളും ആ കോടതി മുറിയിൽ നിറഞ്ഞിരുന്നു. കോടതിയിലെ നടപടികൾ പുരോഗമിക്കുണ്ടായിരുന്നുവെങ്കിലും വല്ലാത്തൊരു നിശബ്ദത ആ കോടതിമുറിക്കുള്ളിൽ തളംകെട്ടി കിടന്നു.
പെട്ടന്നായിരുന്നു അന്നയുടെ അമ്മ അവരുടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നതും കൈയിൽ കരുതിയ തോക്ക് ഗ്രാബോവ്സ്കിക്ക് നേരെ നീട്ടുന്നതും. കാറ്റിന്റെവേഗതയിൽ ഗ്രാബോവ്സ്കിക്കയുടെ ശരീരത്തിലേക്ക് ഒന്നിന് പിറകെ ഒന്നായി ആറു വെടിയുണ്ടകൾ തുളച്ചു കയറുന്നു. വെടിയേറ്റ ക്ലോസ് ഗ്രാബോവ്സ്കി തൽക്ഷണം തന്നെ നിലം പതിച്ചു. ആറുവയസ്സുകാരിയായ മകൾ അന്നയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിക്ക് സ്വന്തം അമ്മയുടെ കൈകളാൽ കോടതിമുറിയിൽ വെച്ച് ശിക്ഷ നടപ്പിലാക്കി. തന്റെ മക്കളുടെ ഘാതകൻ പിടഞ്ഞ് മരിക്കുന്നത് ആ അമ്മ ശാന്തമായി നോക്കി നിന്നു. അപ്പോഴേക്കും അന്നയുടെ അമ്മയെ പോലീസുദ്യോഗസ്ഥർ പിടികൂടിയിരുന്നു. എന്നാൽ ആ അമ്മയുടെ മുഖത്ത് യാതൊരു തരത്തിലുമുള്ള ഭാവ വ്യത്യാസം ഉണ്ടായിരുന്നില്ല.
സ്വന്തം മകളുടെ കൊലയാളിയെ വിചാരണയ്ക്കിടെ കോടതിമുറിയിൽ വെച്ച് വെടിവെച്ചു കൊന്ന മരിയാൻ ബച്ച്മെയർ ( Marianne Bachmeier ) എന്ന അമ്മയുടെ കഥയാണിത്. ഇത് പ്രതികാരത്തിന്റെയും, സ്വയനീതിയുടെയും, ഒരു ജനതയുടെ മനസ്സാക്ഷിയെ പിടികൂടിയ ചോദ്യചിഹ്നത്തിന്റെയും കഥയാണ്.
അന്നയുടെ കഥ
ചിരിച്ചും കളിച്ചും പാവയുമായി ഓടിക്കുന്ന ഏഴുവയസ്സുകാരി അന്ന. അന്നയെ അറിയാവുന്ന എല്ലാവർക്കും അവൾ പ്രിയങ്കരിയായിരുന്നു. ആരുടെയും സഹായം കൂടാതെ മരിയാൻ അന്നയെ ഒറ്റക്കാണ് വളർത്തിയത്. ആ അമ്മയുടെ ജീവിതത്തിന്റെ പ്രകാശം കുഞ്ഞ് അന്നയായിരുന്നു. 1980 മേയ് 5-ന് രാവിലെ, അന്ന സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു അന്ന. എന്നാൽ അന്ന് രാവിലെ അമ്മയും മകളും തമ്മിൽ ചെറുതായി വഴക്കിടുന്നു. അമ്മയോടുള്ള ദേഷ്യത്തിൽ കുഞ്ഞ് അന്ന സ്കൂളിലേക്ക് പോകുന്നു. അത് അന്നയുടെ അവസാന യാത്രയായിരുന്നു എന്ന് അന്നയോ അമ്മയോ അറിഞ്ഞിരുന്നില്ല.
അമ്മയോട് വഴക്കിട്ട് ദേഷ്യത്തിൽ അന്ന അന്ന് സ്കൂളിലേക്ക് പോയിരുന്നില്ല. ഇതേ ദിവസം തന്നെ ക്ലോസ് ഗ്രാബോവ്സ്കി അന്നയെ തട്ടിക്കൊണ്ടു പോകുന്നു. ശേഷം ലൈംഗികമായി ആ കുഞ്ഞിനെ ഉപദ്രവിക്കുന്നു, തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. ശേഷം ശവശരീരം ഉപേക്ഷിക്കുന്നു. കൃത്യം നടന്ന അധികം വൈകാതെ തന്നെ ക്ലോസ് ഗ്രാബോവ്സ്കി പോലീസ് പിടിയിലാകുന്നു. ഗ്രാബോവ്‌സ്‌കി ഒരു ലൈംഗിക കുറ്റവാളിയായിരുന്നു, മുമ്പ് രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടിരുന്നു.
കുറ്റവാളിയെ പിടികൂടിയെങ്കിലും, മറിയാന്റെ മനസ്സിലെ തീ അണഞ്ഞിരുന്നില്ല. കോടതി വിചാരണ ആരംഭിച്ചു, പക്ഷേ ജർമ്മൻ നിയമം പ്രതിക്ക് ന്യായമായ വിചാരണയും പ്രതിവാദത്തിനുള്ള അവകാശവും ഉറപ്പുനൽകിയതിനാൽ നടപടിക്രമങ്ങൾ നീണ്ടുപോയി. കോടതിയിൽ ഓരോ ദിവസവും എത്തുമ്പോഴും മറിയാൻ കാണുന്നത് മകളെ കൊന്ന ഗ്രാബോവ്സ്കിയുടെ യാതൊരു കൂസലുമില്ലാത്ത മുഖമായിരുന്നു. യാതൊരു കുറ്റബോധവും കൂടാതെ കോടതി മുറിക്കുളിൽ നിൽക്കുന്ന ഗ്രാബോവ്സ്കിയുടെ മുഖം മറിയാന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം ജനിപ്പിച്ചു. മകൾക്ക് നീതി നിഷേധിക്കപ്പെടുമോ എന്നുള്ള ഭയം. ഈ ഭയമാണ് മറിയാനെ ഒരു കൊലപാതകിയാക്കി മാറ്റിയത്.
1981 മാർച്ച് 6
അന്ന് കോടതി നടപടികൾ പുരോഗമിക്കവേ മറിയാൻ തന്റെ ബാഗിൽ കരുതിയ ബെറെറ്റ 70 പിസ്റ്റൾ ആരും കാണാതെ പുറത്തെടുക്കുന്നു. പ്രതിക്ക് പിന്നിലായി ആൾക്കൂട്ടത്തിനിടയിൽ ഇരുന്ന മറിയാൻ പെട്ടന്നായിരുന്നു എഴുനേൽക്കുന്നതും ഗ്രാബോവ്സ്കിയുടെ മുതുകിലേക്ക് വെടിയുതിർക്കുന്നതും. സംഭവ സ്ഥലത്ത് തന്നെ ഗ്രാബോവ്സ്കി കൊല്ലപ്പെട്ടുന്നു. തുടർന്ന് മറിയാനെ പോലീസ് അറസ്റ്റും ചെയ്യുന്നു. എന്നാൽ താൻ ചെയ്തതിൽ യാതൊരു പശ്ചാത്താപവും മറിയാൻ പ്രകടിപ്പിച്ചിരുന്നില്ല.
"നിർഭാഗ്യവശാൽ, ഞാൻ ആ പന്നിയെ പിന്നിൽ നിന്ന് മാത്രമാണ് വെടിവച്ചത്" ഇതായിരുന്നു മറിയാന്റെ വാക്കുകൾ.
വിചാരണയും വിധിയും
കൊലപാതകം എന്ന് ആരോപിച്ചെങ്കിലും, ജനങ്ങൾ അവളെ കുറ്റവാളിയായി കാണാതെ “മാതൃത്വത്തിന്റെ പ്രതീകം” ആയി കണ്ടു. കൊലപതാകക്കുറ്റത്തിന് ആറു വർഷത്തെ തടവ് ശിക്ഷക്കാണ് മറിയാനെ വിധിച്ചത്. എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും അവർ ജയിൽ മോചിതയായി. തടവിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മറിയാൻ മാധ്യമങ്ങൾക്കൊപ്പം തന്റെ കഥ തുറന്നുപറഞ്ഞു. “ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്നതിൽ എനിക്ക് സംശയമില്ല. ഞാൻ ഒരു അമ്മയാണ്.” 1996 -ൽ, കാൻസർ ബാധിച്ച് അവൾ മരണപ്പെട്ടു. എന്നാൽ ഇന്നും അന്നയുടെ അമ്മയുടെ കഥ നീതിയുടെ അതിരുകൾ കടന്ന മാതൃത്വത്തിന്റെ ശബ്ദമായി നിലകൊള്ളുന്നു.
നിയമത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള നിസ്സഹായതയാണ് മറിയാനെ ഈ കൃത്യത്തിലേക്ക് നയിച്ചത്. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കില്ലെന്ന് അവർ ഭയന്നു, പ്രത്യേകിച്ചും ഗ്രാബോവ്സ്കി ശിക്ഷ കുറയ്ക്കുന്നതിന് വേണ്ടി പല വാദങ്ങളും ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ.