
മനുഷ്യ ശരീരം പലപ്പോഴും വിധിയുടെ ക്രൂരതയ്ക്ക് ഇരയാക്കാറുണ്ട്. ശാരീരിക വൈകല്യങ്ങൾ മൂലം നമ്മളിൽ പലരുടെയും ശാരീരികഘടന മറ്റുള്ളവരിൽ നിന്നും വിചിത്രമായി തീരാറുണ്ട്. പലർക്കും സ്വന്തം ശരീരം കാരണം സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട ജീവിതം തള്ളിനീക്കേണ്ടി വരുന്നു. എന്നാൽ വിക്ടോറിയൻ കാലഘട്ടത്തിലെ സർക്കസുകളിലും ഫ്രീക്ക് ഷോകളിലും ഇത്തരം ശരീരവൈകല്യങ്ങളുള്ളവരെ ലോകത്തിന് മുന്നിൽ ഒരു വിശേഷ കാഴ്ച വസ്‌തുവിനെ പോലെ അവതരിപ്പിച്ചിരുന്നു. നാലു കാലുകൾ ഉണ്ടായിരുന്ന മർട്ടിൽ കോർബിനും ശരീരം ആസകലം രോമങ്ങൾ നിറഞ്ഞ ജൂലിയ പാസ്ട്രാനയും ഇതിന് ഉദാഹരണമാണ്. ഇവരെ പോലെ ശാരീരിക വൈകല്യത്തെ തുടർന്ന് സർക്കസ് ഷോകളിൽ സജീവമായ ഒരു പേരാണ് എല്ല ഹാർപ്പറിന്റേത് (Ella Harper).
1870 ജനുവരി 5 ന് ടെന്നസിയിലെ ഹെൻഡേഴ്സൺവില്ലിൽ വില്യം ഹാർപ്പറിന്റെയും മിനർവ ആൻ ചൈൽഡ്രസിന്റെയും മകളായാണ് എല്ല ഇവാൻസ് ഹാർപ്പറിന്റെ ജനനം. വളരെ അപൂർവമായ ഒരു അസ്ഥിരോഗാവസ്ഥയോടെയാണ് എല്ലയുടെ ജനനം. എല്ലയ്ക്ക് മറ്റു മനുഷ്യരെ പോലെ എഴുന്നേറ്റ് നിൽക്കാൻ കഴിയില്ലായിരുന്നു. കൺജെനിറ്റൽ ജെനു റെക്കർവാറ്റം എന്ന അപൂർവമായ ഒരു ഓർത്തോപീഡിക് അവസ്ഥ അവളെ ബാധിച്ചിരുന്നു, ഇത് എല്ലയുടെ കാൽമുട്ടുകൾ പിന്നിലേക്ക് വളയാൻ കാരണമായി. അത് കൊണ്ട് തന്നെ നിവർന്ന് നിൽക്കാൻ സാധിക്കുമായിരുന്നില്ല. മൃഗങ്ങളെ പോലെ കൈയും കാലും നിലത്ത് ഊന്നി മാത്രമേ എല്ലയ്ക്ക് നിൽക്കാനും നടക്കാനും സാധിക്കൂ. കാലുകൾ വളഞ്ഞും ചുരുങ്ങിയും, നടപ്പിൽ ഒട്ടകത്തിന്റെ കാലുകളെപ്പോലെയായി.
സമൂഹത്തിൽ നിന്നു വേറിട്ട് നിൽക്കേണ്ടി വന്ന എല്ലയുടെ ബാല്യത്തിന്റെ നിറങ്ങൾ ഒറ്റപ്പെടലിന്റെയും നിരാശയുടെയും മാത്രമായിരുന്നു. എന്നാൽ എല്ലയുടെ വിചിത്രമായ കാലുകളും ശരീര ഘടനയും ചുരുങ്ങിയ സമയം കൊണ്ടാണ് ചില സർക്കസ് ഉടമകളുടെ ശ്രദ്ധയിൽപ്പെടുന്നത്. അക്കാലത്ത് വ്യത്യസ്ത ശരീരഘടനയുള്ള മനുഷ്യരെ സർക്കസിന്റെ ഭാഗമാകുന്നത് സ്വാഭാവികമായിരുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായ ശരീരഘടനയുള്ളവരെ കാണാനായിരുന്നു കാണികൾക്ക് ഇഷ്ട്ടം. അത് കൊണ്ട് തന്നെ എല്ലയ്ക്കും നല്ല പ്രേക്ഷകസ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
ചരിത്രരേഖകൾ പ്രകാരം, 1882 ഒക്ടോബറിൽ വെറും 12 വയസ്സുള്ളപ്പോഴാണ് എല്ല സർക്കസ് ഷോകളുടെ ഭാഗമാകുവാൻ തുടങ്ങിയത്. തുടക്കത്തിൽ, സെന്റ് ലൂയിസിലും ന്യൂ ഓർലിയാൻസിലും പരിസര പ്രദേശങ്ങളിലെ ഷോകളുടെ ഭാഗമായിരുന്നു എല്ല. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ക്രമേണ അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളിലും ഷോകൾ അവതരിപ്പിക്കാൻ തുടങ്ങി. എല്ല സർക്കസ് ഷോകളുടെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ജനശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു. ഒരുപാട് മനുഷ്യർ എല്ലയുടെ ഷോകൾ കാണുവാൻ എത്തിത്തുടങ്ങി. 1886 ൽ ഷോമാൻ ഡബ്ല്യു. എച്ച് ഹാരിസ് അയാളുടെ സർക്കസ് ഷോയിലേക്ക് എല്ലയെ ക്ഷണിക്കുന്നു. ഹാരിസിന്റെ ഷോയിൽ എല്ലയോടൊപ്പം ഒരു ഒട്ടകവും ഉണ്ടായിരുന്നു. വേദിയിൽ എല്ലയെയും ഒട്ടകത്തിനെയും ഒരുമിച്ച് കൊണ്ടുവരാൻ പ്രധാന കാരണം, കാണികൾക്ക് എല്ലയുടെ പിന്നിലേക്ക് വളയുന്ന കാൽമുട്ടുകൾ മൃഗത്തിന്റെ കാൽമുട്ടുകളുമായി താരതമ്യം ചെയ്യാൻ വേണ്ടി ആയിരുന്നു. അതോടെ ക്യാമിൽ ഗേൾ (Camel Girl) അഥവാ ഒട്ടക പെൺകുട്ടി എന്ന വിളിപ്പേര് അവൾക്ക് സ്വന്തമായി.
എല്ല നിരവധി പരസ്യ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എല്ല ഹാർപ്പറിന്റെ ഓരോ പ്രകടനത്തിനും മുമ്പ്, അവളുടെ അവസ്ഥ വിശദീകരിക്കുന്ന പിച്ച് കാർഡുകൾ പ്രേക്ഷകർക്കിടയിൽ വിതരണം ചെയ്തിരുന്നു. ആഴ്ചയിൽ 200 ഡോളർ വരെ എല്ല സമ്പാദിച്ചിരുന്നു. ഇങ്ങനെ കിട്ടുന്ന പണം സ്വന്തം പഠനത്തിനായാണ് എല്ല ഉപയോഗിച്ചത്. അവൾക്ക് ലഭിച്ച പ്രശസ്തി ‘അസാധാരണ ശരീരവൈകല്യമുള്ളവൾ’ എന്ന തലക്കെട്ട് മാത്രമായിരുന്നു. സാധാരണ പെൺകുട്ടിയെപ്പോലെ സ്വപ്നം കാണാനും ജീവിതം നയിക്കാനും അവൾക്ക് കഴിയാതെ പോയി. മനുഷ്യാവകാശങ്ങളോ സഹാനുഭൂതിയോ ഒന്നുമല്ലാതെ, സമൂഹം അവളെ വെറും കൗതുകത്തിന്റെയും പണത്തിന്റെയും വസ്തുവാക്കി മാറ്റി. പതിനാറാം വയസ്സോടെ എല്ല സർക്കസ് ജീവിതം പൂർണമായും ഉപേക്ഷിക്കുന്നു. 1905 ൽ എല്ല വിവാഹിതയാകുന്നു. വൈകാതെ എല്ല ഒരു പെൺകുഞ്ഞിനെ ജന്മം നൽകി. എന്നാൽ, വെറും ആറു മാസം പ്രായമുള്ളപ്പോൾ ആ കുഞ്ഞ് മരണപ്പെടുന്നു. 1921 ഡിസംബർ 19-ന്, അമ്പത്തിയൊന്നാം വയസ്സിൽ വൻകുടലിലെ അർബുദം ബാധിച്ച് എല്ലയും മരണപ്പെടുന്നു.
Summary: Ella Harper, known as the "Camel Girl," was born in 1870 in Tennessee with a rare orthopedic condition called congenital genu recurvatum, which caused her knees to bend backward. Because of this, she found it easier to walk on all fours, a trait that earned her the nickname. In the 1880s, she became a star attraction in Circus, drawing crowds fascinated by her unusual appearance. Despite the fame, Ella longed for a normal life and eventually left the circus to pursue education and a quieter existence.