ഇരകളുടെ കണ്ണുകൾ ചുഴന്നെടുത്ത കൊലയാളി; ലൈംഗിക തൊഴിലാളികളെ മാത്രം തേടിപ്പിടിച്ച് കൊലപ്പെടുത്തിയ ചാൾസ് ആൽബ്രൈറ്റ് |Charles Albright The Eyeball Killer

The Eyeball Killer
Published on

ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ബാല്യകാലമാണ്. ഒരു വ്യക്തിയുടെ ജീവിതഗതിയെ തന്നെ നിയന്ത്രിക്കുന്നത്തിലും നിർണയിക്കുന്നതിലും ബാല്യകാല അനുഭവങ്ങൾക്ക് നിർണായകമായ സ്ഥാനമുണ്ട്. കുട്ടിക്കാലത്ത് നേരിടേണ്ടി വരുന്ന ആഘാതങ്ങളും അമിതമായ നിയന്ത്രണങ്ങളും വലുതായി കഴിയുമ്പോൾ ഗുരുതരമായ മാനസികാവസ്ഥയിലേക്ക് വഴിമാറിയേക്കാം. ബാല്യത്തിലെ മാനസിക പീഡനങ്ങൾ എത്രയോ ജീവിതങ്ങളെ തകർത്തെറിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ കൊടുംകുറ്റവാളികളുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു, ബാല്യത്തിൽ നേരിട്ട പീഡകളാണ് പലരെയും കുറ്റവാളികളാക്കി മാറ്റിയത്. ലോകത്തിലെ പല ക്രൂരന്മാരുടെയും കുറ്റങ്ങളുടെ വിത്ത് നടപ്പെട്ടത് അവരുടെ ബാല്യത്തിലാണ്. അത്തരമൊരു ബാല്യത്തിൽ നിന്നും വളർന്നു വന്നതാണ് 'ദി ഐബോൾ കില്ലർ' (The Eyeball Killer) എന്ന കുപ്രസിദ്ധി നേടിയ ചാൾസ് ഫ്രെഡറിക് ആൽബ്രൈറ്റിൻ്റെ (Charles Frederick Albright) ജീവിതവും.

1990 കളിൽ അമേരിക്കയുടെ ടെക്സസിലെ ഡാളസ് നഗരത്തിൽ ലൈംഗികത്തൊഴിലാളികളെ മാത്രം തേടിപ്പിടിച്ചു കൊലപ്പെടുത്തിയ സീരിയൽ കില്ലറായിരുന്നു ചാൾസ്. ഇരകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചുഴന്നെടുക്കുന്നു. അതും വളരെ കൃത്യമായി, ഒരു ഡോക്ടർ എങ്ങനെയാണോ വിദഗ്ദ്ധമായി ശസ്ത്രക്രിയ നടത്തുക, അതുപോലെയായിരുന്നു ചാൾസിന്റെ രീതിയും. ശേഷം നഗ്നമായ മൃതശരീരങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു. (Charles Albright The Eyeball Killer)

1933 ഓഗസ്റ്റ് 10-ന് ടെക്സസിലെ അമറില്ലോയിലായിരുന്നു ചാൾസ് ആൽബ്രൈറ്റിന്റെ ജനനം. ശിശുവായിരിക്കെ മാതാപിതാക്കൾ ചാൾസിനെ അനാഥാലയത്തിൽ ഉപേക്ഷിക്കുന്നു. എന്നാൽ മക്കളില്ലാത്ത ദമ്പതികൾ ചാൾസിനെ ദത്തെടുക്കുന്നു. അദ്ധ്യാപികയായ വളർത്തമ്മയുടെ അമിതമായ നിയന്ത്രണങ്ങളും കർക്കശ സ്വഭാവവും കുട്ടിക്കാലത്ത് ചാൾസിന് അനുഭവിക്കേണ്ടി വന്നു. തന്റെ മകൻ താൻ പറയുന്നത് മാത്രം കേട്ട് വളരണം എന്നതായിരുന്നു വളർത്തമ്മയുടെ അമിതാഭിലാഷം. പലപ്പോഴും പെൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചു പാവകൾ കളിക്കാൻ നൽകിയും ആ കുഞ്ഞിനെ അകെ അവർ ബുദ്ധിമുട്ടിപ്പിച്ചിരുന്നു. മകൻ പഠനത്തിൽ നന്നായി തന്നെ മുന്നേറണം എന്ന മനസ്സിൽ കണ്ടുകൊണ്ടു ചാൾസിന്റെ വളർത്തമ്മ ഒരൊറ്റ വർഷം കൊണ്ട് രണ്ടു വ്യത്യസ്ത ക്ലാസ്സുകളിലെ വിഷയങ്ങൾ അവനെ പഠിപ്പിക്കുന്നു.

കൗമാരപ്രായത്തിൽ, തന്നെ ചാൾസിന് സ്വന്തമായി ഒരു തോക്ക് ലഭിക്കുന്നു. അതോടെ അണ്ണാൻ, മുയൽ തുടങ്ങിയ ചെറിയ മൃഗങ്ങളെ വെടിവയ്ക്കുന്നത് അവൻ ഒരു വിനോദമാക്കി മാറ്റി. ഇങ്ങനെ വെടിവച്ചു കൊല്ലുന്ന മൃഗങ്ങളെ വീട്ടിലേക്ക് തന്നെ കൊണ്ട് വരുന്നു. ശേഷം അതിന്റെയൊക്കെ ശരീരത്തിലെ തൊലി ഉരിച്ചെടുത്ത് സൂക്ഷിക്കുന്നു. ആദ്യം ഇതൊരു നേരംപോക്ക് മാത്രമായിരുന്നു. എന്നാൽ പതിയെ പതിയെ ഇതൊരു പതിവ് രീതിയായി തുടങ്ങി. മൃഗങ്ങളെ ടാക്സിഡെർമിയിൽ (തോലെടുത്ത് സ്റ്റഫ് ചെയ്ത് സൂക്ഷിക്കൽ) താത്പര്യം പ്രകടിപ്പിച്ച് തുടങ്ങി. എന്നാൽ മകൻ ഇങ്ങനെ മൃഗങ്ങളെ കൊല്ലുന്നതോ അവ ടാക്സിഡെർമി പോലെ സൂക്ഷിക്കുന്നതോ വളർത്തമ്മ വിലക്കിയിരുന്നില്ല. അവർ മകനെ കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു, അവരും പലപ്പോഴും അവനൊപ്പം കൂടി. എന്നാൽ ഇങ്ങനെ ചെറു മൃഗങ്ങളുടെ തോലുകൾ കൊണ്ട് അവയുടെ മാതൃക രൂപങ്ങൾ ഉണ്ടാകുമ്പോൾ പ്രൊഫഷണൽ ടാക്സിഡെർമിസ്റ്റുകൾ ഉപയോഗിക്കുന്ന ഗ്ലാസ് കണ്ണുകൾ വാങ്ങാൻ പണമില്ലെന്ന് പറഞ്ഞു കൊണ്ട് ബട്ടണുകൾ ഉപയോഗിക്കാൻ വളർത്തമ്മ ചാൾസിനെ നിർദ്ദേശിക്കുന്നു. അതോടെ ബട്ടണുകളായി കണ്ണുകൾ. ചാൾസ് പിടിക്കപ്പെട്ട ശേഷം മനഃശാസ്ത്രജ്ഞർ വിലയിരുത്തിയത്, യഥാർത്ഥ കണ്ണുകൾ ഉപയോഗിക്കാനുള്ള ആഗ്രഹം നിഷേധിക്കപ്പെട്ട ഈ അനുഭവം തന്നെയാണ് കണ്ണുകളോടുള്ള ചാൾസിന്റെ വികലമായ ഭ്രമത്തിന് കാരണമായത്. .

കുറ്റങ്ങൾക്കും ക്രൂരതക്കും തുടക്കം

പതിമൂന്നാം വയസ്സിലായിരുന്നു ആദ്യമായി ഒരു കുറ്റകൃത്യത്തിൽ ചാൾസ് ഏർപ്പെടുന്നത്. പതിനേഴാം വയസ്സിൽ ആയുധങ്ങളും പണവും മോഷ്ടിച്ച കേസിൽ ആറുമാസം ജയിലിൽ കഴിയേണ്ടി വന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി മുന്നോട്ട് പോയി. കോളേജ് പഠനകാലത്ത്, സഹപാഠികളുടെ ചിത്രങ്ങളിൽ നിന്നു കണ്ണുകൾ മുറിച്ച് മറ്റൊരാളുടെ ചിത്രങ്ങളിൽ ഒട്ടിക്കുന്ന വിചിത്ര ശീലങ്ങൾ. പല തൊഴിലുകൾ മാറി മാറി ചെയ്തു, അദ്യാപകനായും കള്ളനായുമൊക്കെ അയാൾ ജീവിച്ചു. തുടർച്ചയായ മോഷണക്കേസുകൾ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് എന്നിവ ഇയാളുടെ ക്രിമിനൽ ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

കൊലപാതക പരമ്പര

1988 ഒക്ടോബറിൽ റോണ്ട ബോവി എന്ന ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തുന്നു. ഇരുപതിലധികം കുത്തേറ്റപ്പാടുകൾ ബോവിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ചാൾസാണ് കൊലയാളി എന്ന് തെളിയിക്കാൻ സാധിച്ചിരുന്നില്ല. 1990 ഡിസംബർ 13 ന്, മേരി എന്ന ലൈംഗികത്തൊഴിലായി കൊലപ്പെടുത്തുന്നു. മേരിയുടെ ശവശരീരം കണ്ടുകിട്ടിയപ്പോൾ ഒരു ടീ-ഷർട്ടും ബ്രായും മാത്രമാണ് ശവശരീരത്തിലുണ്ടായിരുന്നത്. മേരിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അവളുടെ രണ്ട് കണ്ണുകളും ശസ്ത്രക്രിയയിലൂടെ കൃത്യമായി നീക്കം ചെയ്തിരുന്നു. ഒരു ട്രോഫി എന്നപോലെ അവ ചാൾസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു. 1991 ഫെബ്രുവരിയിൽ മറ്റൊരു ലൈംഗികത്തൊഴിലാളിയെയും സമാന രീതിയിൽ തന്നെ കൊലപ്പെടുത്തുന്നു. തൊട്ടാടുത്ത മാസവും മറ്റൊരു ലൈംഗിക തൊഴിലാളികൂടി കൊല്ലുന്നു. ഒന്നിന് പിറകെ ഒന്നായി കൊല്ലപ്പെട്ട മൂന്ന് ലൈംഗികത്തൊഴിലാളികളുടെയും കണ്ണുകൾ സമാനരീതിയിലാണ് ശരീരത്തിൽ നിന്നും നീക്കം ചെയ്തിരുന്നത്, മാത്രവുമല്ല മരണ കാരണം തലക്ക് പിന്നിലേറ്റ വെടിയും. അതോടെ തങ്ങൾ തേടുന്നത് ഒരു സീരിയൽ കില്ലറെയാണ് എന്ന് പോലീസ് ഉറപ്പിക്കുന്നു. കൊല്ലപ്പെട്ടവർ ഡാളസ് പട്ടണത്തിലെ ലൈംഗികത്തൊഴിലാളികളായിരുന്നു. അതോടെ പോലീസ് അന്വേഷണം ശക്തമാക്കി. ഒടുവിൽ അവസാന ഇര കൊല്ലപ്പെട്ട് ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചാൾസിനെ പോലീസ് അറസ്റ്റ് ചെയുന്നു.

കോടതിയിൽ വിചാരണ ആരംഭിച്ചു. ചാൾസ് തന്നെയാണ് ഡാളസ് പാട്ടത്തിലെ നാലു ലൈംഗിക തൊഴിലാളികളെയും കൊലപ്പെടുത്തിയ്ത എന്ന് വ്യക്തം. എന്നാൽ കോടതിയിൽ ഇത് തെളിയിക്കുവാൻ സാധിച്ചിരുന്നില്ല. ഷിർലി വില്യംസ് എന്ന സ്ത്രീയുടെ കൊലപാതകത്തിന് മാത്രമാണ് കോടതി ചാൾസിനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചാൾസ് ജയിലിൽ കഴിയേവേ 2020 ൽ മരണപ്പെടുന്നു. താൻ കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ കൊലപാതകങ്ങൾ ചാൾസ് അയാളുടെ മരണം വരെയും സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. ബാല്യത്തിൽ നേരിടേണ്ടി വന്ന പീഡനങ്ങളും കണ്ണുകളോടുള്ള അമിതമായ ആസക്തിയുമാകാം ചാൾസിനെ ഒരു കൊലയാളിയാക്കി മാറ്റിയത്. വളർത്തു അമ്മയിൽ നിന്നുള്ള കർശനമായ നിയന്ത്രണവും മാനസിക പീഡനവും അവനെ ഒരു കൊലയാളിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു.

Summary: Charles Albright, known as “The Eyeball Killer,” was a Texas serial killer who murdered sex workers in the early 1990s and surgically removed their eyes with chilling precision. His obsession with eyes traced back to a traumatic childhood, marked by strict control and psychological abuse from his adoptive mother.

Related Stories

No stories found.
Times Kerala
timeskerala.com