

സ്പെയിനിലെ വലതുപക്ഷ, യാഥാസ്ഥിതിക ശക്തികളും, ഇടതുപക്ഷ, ലിബറൽ ശക്തികളും തമ്മിൽ നടന്ന രക്തരൂക്ഷിതമായ പോരാട്ടമാണ് സ്പാനിഷ് ആഭ്യന്തരയുദ്ധം. 1936 മുതൽ 1939 ൽ അരങ്ങേറിയ സ്പാനിഷ് ആഭ്യന്തരയുദ്ധമാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ മുന്നോടിയായി പലപ്പോഴും കണക്കാക്കപ്പെടുന്നത്. യുദ്ധത്തിൽ ഏകദേശം 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ മനുഷ്യർ കൊല്ലപ്പെട്ടതയാണ് ചരിത്രകാരന്മാരുടെ കണക്കുകൂട്ടൽ. ഈ മഹായുദ്ധത്തിന്റെ നിശ്ശബ്ദമായ സാക്ഷിയായി ഇന്നും നിലകൊള്ളുന്ന ഒരു നഗരം ഉണ്ട്. സ്പെയിനിലെ അരഗോൺ സമതലത്തിൽ, തകർന്നു തരിപ്പണമായി നിലകൊള്ളുന്നാണ് നഗരമാണ് ബെൽച്ചിറ്റെ (Belchite). ഒരുകാലത്ത് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാടായിരുന്നു ഇവിടം ഇന്ന് നീറുന്ന ചരിത്രം ഉറങ്ങുന്ന പ്രേതനഗരമാണ്.
യുദ്ധം തകർത്തെറിഞ്ഞ നഗരം
മൂന്ന് വർഷത്തോളം സ്പെയിനിനെ പിടിച്ചുകുലുക്കിയ ആഭ്യന്തരയുദ്ധത്തിന്റെ കനത്ത ആഘാതം ഏറ്റുവാങ്ങിയ ഇടങ്ങളിൽ ഒന്നാണ് ബെൽച്ചിറ്റെ. 1937 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെ രണ്ടാഴ്ചയോളം നീണ്ട അതിശക്തമായ പോരാട്ടത്തിന്റെ വേദിയായി ഇവിടം മാറി. റിപ്പബ്ലിക്കൻ സേനയും ഫ്രാങ്കോയുടെ നാഷണലിസ്റ്റ് സേനയും തമ്മിലായിരുന്നു ഈ യുദ്ധം.
വടക്കുകിഴക്കൻ സ്പെയിനിലെ അരഗോണിലെ സ്വയംഭരണ സമൂഹത്തിനുള്ളിൽ സരഗോസ പ്രവിശ്യയിലാണ് പഴയ ബെൽചൈറ്റിന്റെ (പ്യൂബ്ലോ വിജോ) എന്ന് യുദ്ധത്തിൽ തകർക്കപ്പെട്ട ബെൽച്ചിറ്റെയുടെ സ്ഥാനം. മൊസറാബിക്, മുഡെജാർ വാസ്തുവിദ്യയുടെ മനോഹരമായ ഒരു കേന്ദ്രമായിരുന്നു ബെൽച്ചിറ്റെ. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഇവിടുത്തെ കെട്ടിടങ്ങൾക്കും മനുഷ്യർക്കും പിടിച്ചുനിൽക്കാനായില്ല. കെട്ടിടങ്ങൾ നിലംപൊത്തി, ജനങ്ങൾ മരിച്ചു വീണു. രണ്ടു വലിയ ശക്തികൾ തമ്മിൽ നടന്ന പോരാട്ടത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഈ നഗരമായിരുന്നു. കനത്ത ഷെല്ലാക്രമണത്തിൽ നഗരം ഒന്നാകെ തകർന്നു. യുദ്ധം അവസാനിച്ചപ്പോൾ, ആയിരക്കണക്കിന് സാധാരണക്കാരെയും സൈനികരെയും കൊന്നൊടുക്കി.
യുദ്ധം കൊടുമ്പിരി കൊണ്ട സമയം, പലരു രക്ഷക്കായി പള്ളിയിലും വീടുകളിലെ ബേസ്മെന്റിലും അഭയം തേടി. എന്നാൽ ദുരന്തം ആ മനുഷ്യരെ വിടാതെ പിന്തുടർന്നു. കെട്ടിടനങ്ങൾക്ക് മുകളിൽ വന്നു പതിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കെട്ടിടങ്ങങ്ങൾ മണ്ണോടുമണ്ണായി. ബേസ്മെന്റിൽ ഒളിച്ച മനുഷ്യർ ശ്വാസം കിട്ടാതെയും ഗുരുതര പരിക്കേറ്റും മരണം അടഞ്ഞു. നഗരത്തിലെ സ്ത്രീകളെ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കി. കൊടിയപീഡനങ്ങൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു. യുദ്ധത്തിൽ അയ്യായിരത്തിലധികം പേർ മരിച്ചു. നഗരം ഒരു ചുടലപ്പറമ്പായി മാറി. കെട്ടിടങ്ങൾ തകർന്നു, മതിൽക്കെട്ടുകൾ തുളഞ്ഞു, തെരുവുകൾ രക്തത്തിൽ കുതിർന്നു.
ഒരു യുദ്ധസ്മാരകത്തിന്റെ പിറവി
ഒടുവിൽ യുദ്ധത്തിൽ വിജയിച്ച ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോ, തകർന്നടിഞ്ഞ ഈ നഗരം പുനർനിർമ്മിക്കാൻ വിസമ്മതിച്ചു. പകരം, റിപ്പബ്ലിക്കൻമാർക്കെതിരെ തങ്ങൾ നേടിയ വിജയത്തിന്റെ ശക്തിയും യുദ്ധത്തിന്റെ ഭീകരതയും വരും തലമുറകൾക്ക് തുറന്നുകാട്ടുവാൻ വേണ്ടി ഈ നഗരം നിലനിർത്തുന്നതിനായി അദ്ദേഹം ആ അവശിഷ്ടങ്ങൾ അതേപടി നിലനിർത്താൻ നിർദ്ദേശിച്ചു. ചരിത്രത്തിന്റെ ഓർമ്മകൾ കല്ലുകളിൽ കൊത്തിവെച്ച ഈ തീരുമാനം, ബെൽച്ചിറ്റെ വീജോയെ ലോകമെമ്പാടുമുള്ള യുദ്ധസ്മാരകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. എന്നിരുന്നാലും, പഴയ നഗരത്തിന് തൊട്ടടുത്ത്, യുദ്ധം അതിജീവിച്ചവർക്കായി ഒരു പുതിയ നഗരം (ബെൽച്ചിറ്റെ നുവേവോ - Belchite Nuevo) നിർമ്മിച്ചു.
ഇന്ന്, ബെൽച്ചിറ്റെ വീജോ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്ര-യുദ്ധ സ്മാരകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കല്ലുകൾക്കിടയിൽ വളരുന്ന കളകളും തുള വീണ കമാനങ്ങളും ഛിന്നഭിന്നമായ പള്ളിയുമാണ് ഇവിടുത്തെ കാഴ്ചകൾ. സെന്റ് മാർട്ടിൻ പള്ളി, കുന്നിൻ മുകളിലെ ക്ലോക്ക് ടവർ, നഗര കവാടങ്ങൾ എന്നിവയുടെയെല്ലാം ഭൗതിക രൂപം മാത്രമാണ് ഇന്ന് ഇവിടെ ബാക്കിയുള്ളത്.
വിനോദസഞ്ചാര കേന്ദ്രം
ഇന്ന് ഈ പ്രേതനഗരം ഒരു പ്രശസ്തമായ 'ഡാർക്ക് ടൂറിസം' കേന്ദ്രമാണ്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ നേർസാക്ഷ്യമായ ഇവിടം സന്ദർശകരിൽ ശക്തമായ വൈകാരികാനുഭവമാണ് ഉണർത്തുന്നത്. അവശിഷ്ടങ്ങൾ നിലവിൽ വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പകലും രാത്രിയിലുമായി ഗൈഡഡ് ടൂറുകളിലൂടെ മാത്രമേ സഞ്ചാരികളെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇരുട്ടിൽ, കെട്ടിടങ്ങളുടെ നിഴലുകൾക്കിടയിൽ നിന്ന് പഴയ ശബ്ദങ്ങൾ കേൾക്കുന്ന ഒരു അനുഭവം ലഭിക്കാനായി പലരും രാത്രികാല ടൂറുകളാണ് തിരഞ്ഞെടുക്കാറ്.
യുദ്ധം ഒരു നഗരത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നും ചരിത്രത്തിന്റെ ഓർമ്മകൾ എത്ര ശക്തമായി നിലനിൽക്കുന്നു എന്നും ഈ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്പെയിനിലെ കുന്നിൻ മുകളിലെ ബെൽച്ചിറ്റെക്ക് നമ്മോട് പറയാൻ ഒരുപാട് കഥകൾ ഉണ്ട്, ഒരു നഗരത്തിന്റെ ദുരന്തകഥ, കണ്ണീരിന്റെയും പോരാട്ടത്തിന്റെയും കഥ.
Belchite is an abandoned town in Spain that was destroyed during one of the most brutal battles of the Spanish Civil War in 1937. Instead of rebuilding it, the Franco regime left the ruins untouched as a permanent memorial to the war’s devastation and human suffering. Today, Belchite stands as a haunting reminder of how conflict can erase entire communities while leaving their memories behind.