കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ മന്ത്രിയുമായിരുന്ന അർജുന രണതുംഗ പെട്രോളിയം അഴിമതി കേസിൽ അറസ്റ്റിലാകാൻ സാധ്യത. ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിന്റെ നായകനായിരുന്ന രണതുംഗയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് അഴിമതി നിരോധന കമ്മീഷൻ വ്യക്തമാക്കി.(Sri Lanka To Arrest 1996 World Cup-Winning Captain Arjuna Ranatunga Over Oil Scam)
സിലോൺ പെട്രോളിയം കോർപ്പറേഷനിൽ ഉയർന്ന വിലയ്ക്ക് ടെൻഡറുകൾ നൽകി നഷ്ടം വരുത്തിയെന്ന കേസിലാണ് അഴിമതി നിരോധന കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. രണതുംഗയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അഴിമതി നിരോധന കമ്മീഷൻ കോടതിയെ അറിയിച്ചു.
ഈ കേസിൽ സി.പി.സി. ചെയർമാൻ ധമ്മിക രണതുംഗയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കമ്മീഷൻ അർജുന രണതുംഗയുടെ അറസ്റ്റ് സംബന്ധിച്ച വിവരം കോടതിയെ അറിയിച്ചത്. കേസിൽ ധമ്മിക രണതുംഗയാണ് ഒന്നാം പ്രതി. അർജുന രണതുംഗ രണ്ടാം പ്രതിയാണ്.
നിലവിൽ അർജുന രണതുംഗ വിദേശത്തായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. ശ്രീലങ്കൻ രാഷ്ട്രീയത്തിലും കായിക ലോകത്തും വലിയ സ്വാധീനമുള്ള വ്യക്തിയാണ് രണതുംഗ. ഈ നീക്കം രാജ്യത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.