പ്രളയക്കെടുതിയിൽ ശ്രീലങ്ക: മരണ സംഖ്യ 390, ദുരന്തനിധി രൂപീകരിക്കും, ഇന്ത്യയുടെ 'ഓപ്പറേഷൻ സാഗർ ബന്ധു' തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | Sri Lanka

ഇന്ത്യയുടെ സഹായത്തിന് ശ്രീലങ്കൻ പ്രസിഡന്റ് നന്ദി അറിയിച്ചു.
പ്രളയക്കെടുതിയിൽ ശ്രീലങ്ക: മരണ സംഖ്യ 390, ദുരന്തനിധി രൂപീകരിക്കും, ഇന്ത്യയുടെ 'ഓപ്പറേഷൻ സാഗർ ബന്ധു' തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | Sri Lanka
Updated on

കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിരൂക്ഷമായ പ്രളയദുരിതത്തിൽനിന്ന് കരകയറാൻ പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തോടെ ശ്രീലങ്ക പ്രത്യേക ദുരന്ത നിധി രൂപീകരിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഓഫീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്കയ്ക്ക് ഈ പ്രളയക്കെടുതി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.(Sri Lanka floods, Death toll rises to 390)

പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ശ്രീലങ്കയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 390 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 352 പേരെ കാണാതായി. കാൻഡി ജില്ലയിലാണ് കൂടുതൽ പേർ മരിച്ചത്, 88 പേർ ആണിത്. 13,73,899 പേരെ പ്രളയം നേരിട്ട് ബാധിച്ചു. 2,04,597 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 432 വീടുകൾ പൂർണ്ണമായും 15,688 വീടുകൾ ഭാഗികമായും തകർന്നു.

ദുരന്ത നിധി രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ശ്രീലങ്കൻ സർക്കാർ ലോക ബാങ്കുമായി ചർച്ചകൾ ആരംഭിച്ചു. വിവിധ മേഖലകളിലുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണത്തിനുള്ള ചെലവും കണക്കാക്കുന്നതിനാണിത്. രണ്ടാഴ്ചയ്ക്കുള്ളിൽ ലോകബാങ്കിന്റെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രളയദുരിതത്തിൽപ്പെട്ട ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ രംഗത്തുണ്ട്. 53 ടൺ ദുരിതാശ്വാസ സാധനങ്ങൾ ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചു. നവംബർ 28-ന് ആരംഭിച്ച 'ഓപ്പറേഷൻ സാഗർ ബന്ധു' എന്ന രക്ഷാ-ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ ശ്രീലങ്കയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകയുമായി ഫോണിൽ സംസാരിച്ചു. 'ഓപ്പറേഷൻ സാഗർ ബന്ധു' തുടരുമെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ഇന്ത്യയുടെ സഹായത്തിന് ശ്രീലങ്കൻ പ്രസിഡന്റ് നന്ദി അറിയിച്ചു.

അതിനിടെ, സെൻയാർ ചുഴലിക്കാറ്റിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും വലിയ നാശനഷ്ടമുണ്ടായി. ഇൻഡൊനീഷ്യയിൽ 503 പേർ മരിച്ചു. തായ്‌ലാൻഡിൽ 176 പേർ മരിച്ചു. മലേഷ്യയിൽ 2 പേർ മരിച്ചു. ഈ രാജ്യങ്ങളിൽ മൺസൂൺ സീസണായിരുന്നെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മൺസൂണിന്റെ തീവ്രതയും ഗതിയും മാറിയതാണ് പെരുമഴയ്ക്കും അതിശക്തമായ കാറ്റുകൾക്കും ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com