

കൊളംബോ: ശ്രീലങ്കയിൽ കാട്ടാനയെ ക്രൂരമായി മർദിച്ചും തീകൊളുത്തിയും കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അനുരാധപുരിയിൽ നിന്നാണ് 42-നും 50-നും ഇടയിൽ പ്രായമുള്ള പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, പ്രതികൾ ആദ്യം ആനയെ വെടിവെച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ആനയുടെ വാലിൽ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ രക്ഷിക്കാൻ വെറ്റിനറി വിദഗ്ധർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീലങ്കയിൽ ആനകളെ 'ദേശീയ നിധി'യായും പവിത്രമായ മൃഗമായും ആണ് കണക്കാക്കുന്നത്. നിയമപ്രകാരം കനത്ത സംരക്ഷണം ലഭിക്കുന്ന ജീവികളാണിവ.
ശ്രീലങ്കൻ നിയമമനുസരിച്ച് ആനയെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റമാണ്.ഏകദേശം 7,000 ആനകളാണ് നിലവിൽ ശ്രീലങ്കയിലുള്ളത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശ്രീലങ്കയിൽ മനുഷ്യ-ആന സംഘർഷം രൂക്ഷമാണ്. ഇക്കാലയളവിൽ ഏകദേശം 400 കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഇത്തരം ക്രൂരമായ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.