മാഡ്രിഡ്: കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സ്പെയിൻ വിലക്കേർപ്പെടുത്തുന്നു (Spain under 16 social media ban). വിദ്വേഷ പ്രസംഗങ്ങളും അശ്ലീല ഉള്ളടക്കങ്ങളും കുട്ടികളുടെ സ്വകാര്യതയെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഈ വിപ്ലവകരമായ പ്രഖ്യാപനം. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ലോഗിൻ ചെയ്യുന്നതിന് കർശനമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
ഡിജിറ്റൽ ഇടങ്ങൾ കുട്ടികൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള സ്ഥലമല്ലെന്നും അവരെ ‘ഡിജിറ്റൽ കാടുകളിൽ’ നിന്ന് സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ നേരത്തെ നടപ്പിലാക്കിയ സമാനമായ നിയമത്തിന് പിന്നാലെയാണ് സ്പെയിനും ഈ ചുവടുവെപ്പ് നടത്തുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കും അവയുടെ മേധാവികൾക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന പുതിയ നിയമനിർമ്മാണവും സ്പെയിൻ ഉടൻ നടപ്പിലാക്കും.
Summary: Spain joins countries like Australia in banning social media for minors under 16, mandating strict age verification to combat online hate speech and harmful content.

