

കേപ് ടൗൺ: തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആഴ്ചകളായി തുടരുന്ന കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100 കടന്നു. ദക്ഷിണാഫ്രിക്ക, മൊസാംബിക്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൊസാംബിക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത് . രാജ്യത്തെ രണ്ട് ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. ആയിരക്കണക്കിന് വീടുകൾ തകരുകയും മധ്യ-തെക്കൻ പ്രവിശ്യകൾ ഒറ്റപ്പെടുകയും ചെയ്തു.
വർഷാരംഭം മുതൽ പെയ്യുന്ന മഴയിൽ സിംബാബ്‌വെയിൽ ഇതുവരെ 70 പേർ മരിച്ചു. ആയിരത്തിലധികം വീടുകൾ തകർന്നു. പാലങ്ങളും റോഡുകളും സ്കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പാടേ നശിച്ചു.
ദക്ഷിണാഫ്രിക്കയുടെ വടക്കൻ പ്രവിശ്യകളിൽ വെള്ളിയാഴ്ചയോടെ മരണസംഖ്യ 30 ആയി ഉയർന്നു. വടക്കൻ ലിംപോപോ പ്രവിശ്യയിൽ ഒരാഴ്ചയ്ക്കിടെ 400 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ദക്ഷിണാഫ്രിക്കയിൽ സൈന്യത്തെ വിന്യസിച്ചു. ലിംപോപോ പ്രവിശ്യയിൽ കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങിയവരെ സൈനിക ഹെലികോപ്റ്ററുകൾ വഴിയാണ് താഴെയെത്തിച്ചത്. ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ അതിർത്തിയിൽ കുടുങ്ങിപ്പോയ പോലീസ്, അതിർത്തി നിയന്ത്രണ ഉദ്യോഗസ്ഥരെയും സൈന്യം രക്ഷപ്പെടുത്തി.
പസഫിക് സമുദ്രത്തിലെ ജലതാപനിലയിൽ വരുന്ന മാറ്റങ്ങൾ മൂലമുണ്ടാകുന്ന 'ലാ നിന' (La Niña) പ്രതിഭാസമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്രയേറെ കനത്ത മഴ പെയ്യാൻ കാരണമായതെന്ന് യുഎസ് ദുരന്ത മുന്നറിയിപ്പ് സംവിധാനം വിലയിരുത്തുന്നു. മഡഗാസ്‌കർ, മലാവി, സാംബിയ എന്നീ രാഷ്ട്രങ്ങളിലും പ്രളയം നാശം വിതയ്ക്കുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഈ രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്.