

സോൾ: ദക്ഷിണ കൊറിയയിൽ വിവാദമായ സൈനിക നിയമം (Martial Law) പ്രഖ്യാപിച്ച കേസിൽ മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് വിധി. യൂണിനെതിരെ നിലവിലുള്ള എട്ട് ക്രിമിനൽ കേസുകളിൽ ആദ്യത്തേതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
2024 ഡിസംബറിലാണ് യൂൺ സുക് യോൾ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമായ കലാപത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. സൈനിക നിയമ പ്രഖ്യാപനത്തിന് മുന്നോടിയായി നടക്കേണ്ട പൂർണ്ണ മന്ത്രിസഭാ യോഗം ഒഴിവാക്കി.
പ്രഖ്യാപന രേഖകൾ കൃത്രിമമായി തയാറാക്കി. പാർലമെന്റിനെ തടസ്സപ്പെടുത്താൻ സൈനിക ശക്തി ഉപയോഗിക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് കോടതിയുടെ കണ്ടെത്തലുകൾ.
മാർഷ്യൽ ലോ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വലിയ ജനകീയ പ്രതിഷേധം ഉയരുകയും യൂൺ സുക് യോളിനെ ഇംപീച്ച് ചെയ്ത് പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായ ലീ ജെയ് മ്യുങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലിബറൽ പാർട്ടി തന്റെ ഭരണ അജണ്ട തടസ്സപ്പെടുത്തുന്നത് ജനങ്ങളെ അറിയിക്കാനാണ് താൻ അന്ന് അത്തരമൊരു തീരുമാനമെടുത്തതെന്നാണ് യൂണിന്റെ വാദം.
കലാപക്കേസുകളിൽ യൂണിന് മരണശിക്ഷയോ ജീവപര്യന്തമോ ലഭിക്കാൻ സാധ്യതയുണ്ട്. സ്വതന്ത്ര അന്വേഷണ സമിതി അദ്ദേഹത്തിന് മരണശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തിൽ കോടതി അടുത്ത മാസം വിധി പറയും. എന്നാൽ, ദക്ഷിണ കൊറിയയിൽ 1997 മുതൽ മരണശിക്ഷ നടപ്പാക്കുന്നതിന് അപ്രഖ്യാപിത വിലക്കുള്ളതിനാൽ, ഇത് 30 വർഷത്തെ തടവായി ചുരുക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മുൻ പ്രസിഡന്റ് പാർക്ക് ഗ്യൂൺ-ഹൈയ്ക്കും സമാനമായ രീതിയിൽ തടവ് ശിക്ഷ ലഭിച്ചിരുന്നെങ്കിലും പിന്നീട് അവർക്ക് മാപ്പ് നൽകി ജയിൽ മോചിതയാക്കിയിരുന്നു. അതിനാൽ യൂണിന്റെ കാര്യത്തിലും രാഷ്ട്രീയ തീരുമാനങ്ങൾ നിർണായകമാകും.