
വാഷിങ്ടൺ: ഗസ്സ വെടിനിർത്തലിന് കളമൊരുങ്ങുന്നുവെന്ന സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ' സവിശേഷമായൊന്ന് മിഡിൽ ഈസ്റ്റിൽ സംഭവിക്കാൻ പോകുന്നു, എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇത് വലിയൊരു മാറ്റമായിരിക്കുമെന്നും, ഇതിനായുള്ള പ്രവർത്തനത്തിലാണ് താനെന്നും ട്രംപ് പറയുന്നു. മിഡിൽ ഈസ്റ്റിനെ മഹത്വവൽക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കാൻ പോകുന്നതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, എന്ത് പ്രഖ്യാപനമാണ് മിഡിൽ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല. അതേസമയം, ട്രംപിന്റെ വാക്കുകൾ ഗസ്സയിലെ വെടിനിർത്തലിനെ സംബന്ധിച്ചുള്ള പ്രഖ്യാപനമാകുമെന്നാണ് അഭ്യൂഹം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം ഉണ്ടായത്.