വാഷിംഗ്ടൺ: മിനസോട്ടയിലെ സൊമാലിയൻ വംശജർക്കെതിരെ കടുത്ത വംശീയ അധിക്ഷേപം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ ചൊവ്വാഴ്ച നടത്തിയ കാബിനറ്റ് യോഗത്തിൽ ട്രംപ് 'ചവറ്' എന്നാണ് വിശേഷിപ്പിച്ചത്. സൊമാലിയക്കാർക്കെതിരെ കുടിയേറ്റ നടപടികൾ വർധിപ്പിച്ച് അവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Somalis should be sent back, Trump makes controversial remark)
വിദേശികൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് ട്രംപ് കാബിനറ്റ് യോഗത്തിൽ നടത്തിയത്. സൊമാലിയയിൽ നിന്ന് കുടിയേറി അമേരിക്കൻ പൗരത്വം നേടിയ ഡെമോക്രാറ്റ് കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു.
"സൊമാലിയ നാറുന്നു, അത് അംഗീകരിക്കാവുന്ന കാര്യമല്ല. അമേരിക്കയ്ക്കായി അവർ ഒന്നും ചെയ്യുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ അവരെ നമ്മുടെ രാജ്യത്ത് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തേക്ക് ചവറുകൾ സ്വീകരിക്കുന്നത് തുടരുകയാണെങ്കിൽ നമ്മൾ തീർച്ചയായും തെറ്റായ ദിശയിലാണ് പോകുന്നത്."ഒമറിനെ അദ്ദേഹം നേരിട്ട് 'ചവറ്' എന്ന് വിളിക്കുകയും സൊമാലിയക്കാർ ഒന്നും ചെയ്യാതെ പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.
സൊമാലിയൻ വംശജരെ 'നരകത്തിൽ നിന്ന് വന്നവർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർ മോശം കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും ആരോപിച്ചു. "അവർ വരുന്നയിടത്ത് അവർക്ക് ഒന്നുമില്ല. എന്നിട്ടും അവർ പരാതിപ്പെടുന്നത് തുടരുകയാണ്. നരകത്തിൽ നിന്ന് വന്ന അവർക്ക് മോശം കാര്യങ്ങളേ ചെയ്യാനുള്ളു. അവരെ നമ്മുടെ രാജ്യത്തിന് വേണ്ട. അവർ വന്ന സ്ഥലത്തേക്ക് പോയി പ്രശ്നങ്ങൾ പരിഹരിക്കട്ടെ."
ട്രംപിന്റെ പരാമർശങ്ങൾക്ക് പിന്നാലെ, സൊമാലി വിഭാഗക്കാർ താമസിക്കുന്ന മിനെപോളിസ്-സെന്റ് പോൾ മെട്രോ ഭാഗത്ത് നാടുകടത്തൽ നടപടികൾ ഊർജ്ജിതമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അന്തിമ നാടുകടത്തൽ ഉത്തരവ് ലഭിച്ചവരെ ഈ ആഴ്ച തന്നെ തിരിച്ചയയ്ക്കുമെന്നാണ് വിവരം. ഐസിഇ (ICE) ഏജന്റുമാരും ഫെഡറൽ ഉദ്യോഗസ്ഥരും ഇത്തരം ഉത്തരവുകൾ നൽകുന്നതിൽ വ്യാപൃതരാണ്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി ഏകദേശം 100 ഓളം ഏജന്റുമാരെയാണ് ഇതിനായി മേഖലയിൽ വിനിയോഗിച്ചിട്ടുള്ളത്.
സൊമാലി വംശജർ വഞ്ചനാ കേസുകളിലും തട്ടിപ്പ് കേസുകളിലും പതിവായി പ്രതികളാകാൻ തുടങ്ങിയതിന് പിന്നാലെ സൊമാലിയക്കാർക്കുള്ള താൽക്കാലിക നാടുകടത്തൽ സംരക്ഷണം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചിരുന്നു. വീടുകൾ, ഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വലിയ തോതിൽ തട്ടിപ്പ് നടത്തി സൊമാലിയക്കാർ സ്വന്തമാക്കുന്നതായി ട്രംപ് ആരോപിക്കുന്നു. സൊമാലിയക്കാർ മിനസോട്ടയെ 'പണം തട്ടിപ്പ് മേഖലയായി' മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ടാക്സ് മുഖേന ലഭിക്കുന്ന പണം തീവ്രവാദ സംഘടനയായ അൽ ഷബാബിലേക്ക് എത്തുന്നുണ്ടെന്നും തീവ്ര വലതുപക്ഷ വിഭാഗങ്ങൾ ആരോപിച്ചിരുന്നു.