

മൊഗാദിഷു: 1969-ന് ശേഷം ആദ്യമായി സോമാലിയൻ (Somalia) ജനത നേരിട്ട് സമ്മതിദാനാവകാശം വിനിയോഗിച്ചു. തലസ്ഥാനമായ മൊഗാദിഷുവിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പോടെ രാജ്യത്ത് സാർവത്രിക വോട്ടവകാശം പുനഃസ്ഥാപിക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയായി. ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഗോത്രത്തലവന്മാർ ചേർന്ന് ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന പരോക്ഷ രീതിക്ക് അന്ത്യം കുറിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
1969-ൽ മുഹമ്മദ് സിയാദ് ബാരെ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് നേരിട്ടുള്ള തെരഞ്ഞെടുപ്പുകൾ നടന്നിരുന്നില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗോത്ര പ്രതിനിധികൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അൽ-ഷബാബ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മൊഗാദിഷുവിൽ വിന്യസിച്ചത്. വോട്ടെടുപ്പ് പ്രമാണിച്ച് വിമാനത്താവളവും തുറമുഖവും അടച്ചിട്ടു.
30 ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിൽ വോട്ട് രേഖപ്പെടുത്താൻ രാവിലെ മുതൽ തന്നെ നീണ്ട നിരകൾ ദൃശ്യമായിരുന്നു. മൊഗാദിഷുവിലെ 390 കൗൺസിൽ സീറ്റുകളിലേക്ക് 1,605 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 2026-ൽ നടക്കാനിരിക്കുന്ന ദേശീയ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പരീക്ഷണമായാണ് ഈ വോട്ടെടുപ്പിനെ കാണുന്നത്. നേരിട്ടുള്ള തെരഞ്ഞെടുപ്പ് അഴിമതി കുറയ്ക്കുമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മാറ്റം ഭരണകക്ഷിക്ക് അനുകൂലമാകുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എങ്കിലും, സോമാലിയ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമാണിതെന്ന് ഇലക്ടറൽ കമ്മീഷൻ പ്രതികരിച്ചു.
Residents of Mogadishu participated in historic municipal elections on Thursday, marking Somalia's first step towards restoring universal suffrage since 1969. The vote serves as a critical test run for direct national elections scheduled for 2026, breaking away from the long-standing indirect system where clan elders chose leaders.