

മൊഗാദിഷു: പലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ബലമായി പുറത്താക്കി സോമാലിയയുടെ വിഘടനവാദി മേഖലയായ സോമാലിലാൻഡിൽ പുനരധിവസിപ്പിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി സോമാലിയൻ പ്രതിരോധ മന്ത്രി അഹമ്മദ് മുഅല്ലിം ഫിഖി (Palestinian Displacement). പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും സോമാലിയയുടെ പരമാധികാരത്തിന് മേലുള്ള നേരിട്ടുള്ള ആക്രമണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ പ7ലസ്തീനികളെ സോമാലിലാൻഡിലേക്ക് മാറ്റാൻ ഇസ്രായേൽ പദ്ധതിയിടുന്നു എന്നതിന് തങ്ങളുടെ പക്കൽ സ്ഥിരീകരിച്ച വിവരങ്ങളുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ചെങ്കടലിനെയും ഗൾഫ് ഓഫ് ഏഡനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ഇസ്രായേൽ സൈനിക താവളം നിർമ്മിക്കാൻ ഒരുങ്ങുന്നതായും സോമാലിയ ആരോപിക്കുന്നു. മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സോമാലിയൻ പക്ഷം. കഴിഞ്ഞ ഡിസംബറിൽ സോമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി ഇസ്രായേൽ അംഗീകരിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു നീക്കം നടത്തുന്നത്. ഇത് സോമാലിയയെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫിഖി കുറ്റപ്പെടുത്തി.
പലസ്തീനികളെ പുനരധിവസിപ്പിക്കാമെന്ന് ഇസ്രായേലുമായി കരാറില്ലെന്ന് സോമാലിലാൻഡ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, മൂന്ന് പതിറ്റാണ്ടായി അന്താരാഷ്ട്ര സമൂഹം അവഗണിക്കുന്ന തങ്ങൾക്ക് ആര് അംഗീകാരം നൽകിയാലും അത് സ്വീകരിക്കുമെന്ന നിലപാടിലാണ് ഇവിടുത്തെ ഭരണകക്ഷിയായ വദ്ദാനി പാർട്ടി. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ കഴിഞ്ഞ ആഴ്ച സോമാലിലാൻഡ് തലസ്ഥാനമായ ഹർഗീസ സന്ദർശിച്ചിരുന്നു. ഇസ്രായേലിന്റെ ഈ നീക്കത്തിനെതിരെ സൗദി അറേബ്യയും ആഫ്രിക്കൻ യൂണിയനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
Somalia’s Defence Minister, Ahmed Moalim Fiqi, has accused Israel of planning to forcibly displace Palestinians from Gaza to the breakaway region of Somaliland, describing it as a grave violation of international law. The minister also claimed that Israel intends to establish a military base in the region to destabilize the strategic Bab al-Mandeb Strait. While Somaliland officials deny any agreement to resettle Palestinians, the growing ties between Israel and the separatist region have sparked intense diplomatic backlash from Somalia and the African Union.