
ലണ്ടൻ: യുകെയിൽ സിഖ് യുവതിയെ രണ്ടംഗ സംഘം വംശീയമായി ആക്രമിച്ച് പീഡിപ്പിച്ചു. യുകെയിലെ ബെർമിങ്ങാമിന് സമീപമുള്ള ഓൾഡ്ബറിയിൽ ടെയിം റോഡിൽ ചൊവ്വാഴ്ച രാവിലെ 8.30 നാണ് 20 കാരിയായ യുവതിക്ക് നേരെ ആക്രമണം നടന്നത്. സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ രണ്ട് തദ്ദേശീയർക്കായി വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും വെളുത്ത നിറക്കാരും ഒരാൾ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷർട്ട്, ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടാമൻ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ആണ് ധരിച്ചിരുന്നത്.
ആക്രമണത്തിനിടെ 'നിങ്ങൾക്ക് ഈ രാജ്യത്ത് താമസിക്കാൻ അവകാശമില്ല, പുറത്തേക്ക് പോവുക' എന്ന് അക്രമികൾ പറഞ്ഞതായി യുവതി പൊലീസിന് മൊഴി നൽകി. സംഭവം പ്രാദേശിക സിഖ് സമൂഹത്തിൽ വലിയ ഭീതിയും പ്രകോപനവും ഉണ്ടാക്കി. സിഖ് ഫെഡറേഷൻ യുകെ നേതാവ് ദബിന്ദർജിത് സിങ്ങ് ഉൾപ്പടെയുള്ളവർ സംഭവത്തെ അപലപിച്ചു രംഗത്തെത്തി. സമൂഹത്തോട് ജാഗ്രത പാലിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി സിഖ് യൂത്ത് യുകെ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങളുടേയും ഫൊറൻസിക്കിന്റെയും പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് അധിക പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സിലെ സാൻഡ് വെൽ പൊലീസ് മേധാവി കിം മാഡിൽ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 101 ൽ വിളിച്ച് ലോഗ് 798 അല്ലെങ്കിൽ സെപ്റ്റംബർ 9 ലെ സംഭവം എന്ന് പറഞ്ഞു പൊലീസിനെ ബന്ധപ്പെടാമെന്നും കിം മാഡിൽ അറിയിച്ചു.