ന്യൂയോര്‍ക്ക് : യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൂക്കിവിളി. നെതന്യാഹുവിന്റെ അഭിസംബോധനയ്ക്കിടെ പല രാജ്യങ്ങളുടെയും പ്രതിനിധികളിൽ ഭൂരിഭാഗവും ഇറങ്ങിപ്പോയി.
ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരു കോണില്‍ ഇസ്രയേല്‍ പ്രതിനിധികളുടെ കൈയടികളുമുയർന്നു.
തനിക്കും ഇസ്രയേലിനുമെതിരായ നീക്കങ്ങള്‍ക്കെതിരെ നെതന്യാഹു രൂക്ഷമായി ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ഇസ്രയേലിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഇറാന്റെ ഭീഷണി താനും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇല്ലാതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.ലോക നേതാക്കള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്കും തീവ്ര ഇസ്ലാമിക പക്ഷക്കാർക്കും വഴങ്ങുകയാണെന്ന് നെതന്യാഹു ആരോപിച്ചു.
അതേസമയം, ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്രയിൽ യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.