

വാഷിംഗ്ടൺ : നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ അഫ്ഗാൻ പൗരൻ വെടിയുതിർത്ത സംഭവത്തിന് പിന്നാലെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് നിർത്തിവെച്ചതായി യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസ് (യു.എസ്.സി.ഐ.എസ്.) അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് അപേക്ഷകളിന്മേലുള്ള നടപടികൾ നിർത്തിവെച്ചിരിക്കുന്നത്.(Shooting near White House, US halts processing of immigration applications from Afghanistan)
ആഭ്യന്തര സുരക്ഷയ്ക്കും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യം അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് യു.എസ്. ഏജൻസി വ്യക്തമാക്കി. ആക്രമണത്തെ 'ഭീകരാക്രമണം' എന്ന് വിശേഷിപ്പിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, താലിബാൻ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കുടിയേറ്റക്കാർക്ക് കൂടുതൽ സുരക്ഷാ പരിശോധനകൾ ആവശ്യമാണെന്ന് പറഞ്ഞു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന ഈ കൃത്യത്തെ വെറുപ്പിന്റെയും ഭീകരതയുടെയും പ്രവൃത്തി എന്നാണ് ട്രംപ് വിമർശിച്ചത്.
വെടിവെപ്പുമായി ബന്ധപ്പെട്ട് പിടിയിലായത് റഹ്മാനുള്ള ലകൻവാൾ എന്ന 29 വയസ്സുള്ള അഫ്ഗാൻ പൗരനാണ്. 2021-ലാണ് ഇയാൾ അമേരിക്കയിലേക്ക് കുടിയേറിയത്. നിലവിൽ വെടിയേറ്റ ഇയാൾ കർശന സുരക്ഷയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഈ വെടിവെപ്പ് സംഭവത്തോടെ അഫ്ഗാൻ പൗരന്മാർക്കുള്ള അഭയ അപേക്ഷകൾ ഒന്നിലധികം നിയമ നിർവഹണ വൃത്തങ്ങളുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.