വൈറ്റ് ഹൗസിനു സമീപത്തെ വെടിവയ്പ്പ് : നാഷണൽ ഗാർഡ് അംഗം മരിച്ചു; പ്രതി അഫ്ഗാൻ യുദ്ധത്തിൽ US സൈന്യത്തിനായി പ്രവർത്തിച്ചയാൾ | Shooting
വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ പരുക്കേറ്റ നാഷനൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു നാഷനൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ഇപ്പോഴും ചികിത്സയിലാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.(Shooting near White House, National Guard member dies)
സൈനികർക്കു നേരെ വെടിവച്ച റഹ്മാനുല്ല ലഖൻവാൾ (29) എന്ന വ്യക്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ സ്ഥിരീകരിച്ചു. അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റഹ്മാനുല്ല ലഖൻവാൾ എന്ന് സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനിൽ താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികൾക്ക് ബൈഡൻ ഭരണകൂടം നൽകിയ കുടിയേറ്റ പദ്ധതിയിലൂടെയാണ് റഹ്മാനുല്ല 2021-ൽ യുഎസിലെത്തിയത്. "താലിബാന്റെ ശക്തികേന്ദ്രമായ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യൂണിറ്റ് ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്കുവേണ്ടി റഹ്മാനുല്ല പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു ഇയാൾക്ക് ഏജൻസിയുമായുള്ള ബന്ധം. സംഘർഷഭരിതമായ ഒഴിപ്പിക്കലിനു തൊട്ടുപിന്നാലെ ഈ ബന്ധം അവസാനിച്ചു," ജോൺ റാറ്റ്ക്ലിഫ് വിശദീകരിച്ചു.
വെടിവയ്പിനു ശേഷം മറ്റ് സൈനികർ കീഴ്പ്പെടുത്തിയ റഹ്മാനുല്ല ലഖൻവാൾ പരുക്കുകളോടെ നിലവിൽ കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
