
വാഷിങ്ടൺ ഡി.സി.: യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ വീണ്ടും കൂട്ട വെടിവെപ്പ്. സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച അർധരാത്രി ഒരു മണിയോടെയാണ് (പ്രാദേശിക സമയം) ദ്വീപിലെ പ്രശസ്തമായ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ വെടിവെപ്പുണ്ടായത്. ബാറിൽ ധാരാളം ആളുകൾ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. വെടിയൊച്ച കേട്ട് പരിഭ്രാന്തരായവർ രക്ഷപ്പെടാനായി അടുത്തുള്ള കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അഭയം തേടി.
സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി പേരെ വെടിയേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ 20 പേരിൽ നാല് പേരുടെ നില ഗുരുതരമാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ട വെടിവെപ്പുകളുടെ പശ്ചാത്തലത്തിൽ യുഎസിൽ വീണ്ടും ഞെട്ടലുണ്ടാക്കിയ സംഭവമാണിത്.