ന്യൂയോർക്ക്: അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള പ്രശസ്തമായ ബ്രൗൺ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Shooting at Brown University in America, 2 people killed)
യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ് കെട്ടിടത്തിലാണ് അക്രമി വെടിവെപ്പ് നടത്തിയത്. സംഭവത്തിന് ശേഷം അക്രമിയെ കണ്ടെത്താനായിട്ടില്ല. കാമ്പസിൽ പരീക്ഷ നടക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുണ്ടായ ഉടൻ തന്നെ കാമ്പസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ വിദ്യാർത്ഥികൾക്ക് അപായ മുന്നറിയിപ്പ് നൽകി. തുടർന്ന് വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെ മേശകൾക്കടിയിൽ ഒളിക്കുകയും ലൈറ്റുകൾ അണയ്ക്കുകയും ചെയ്തു.
ഏഴു നിലകളോടു കൂടിയ എഞ്ചിനീയറിങ്, ഫിസിക്സ് വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ആക്രമണം നടന്നത്. നൂറിലധികം ലാബുകളും ക്ലാസ് മുറികളും ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്. കറുത്ത വസ്ത്രം ധരിച്ച ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.