ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ.സി.ടി.) വധശിക്ഷ വിധിച്ചതിനു പിന്നാലെ രാജ്യത്ത് വൻ സംഘർഷം. വിധിക്കെതിരെ പ്രതിഷേധിച്ച അവാമി ലീഗ് അനുകൂലികൾ എതിരാളികളുമായും പോലീസുമായും ഏറ്റുമുട്ടി. ഏറ്റുമുട്ടലുകളിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.(Sheikh Hasina's death penalty, Huge riots in Bangladesh)
ധാക്കയിലും ബംഗ്ലാദേശിന്റെ മറ്റു ഭാഗങ്ങളിലുമായി തെരുവുകളിൽ വിന്യസിച്ചിരുന്ന പോലീസുമായാണ് അവാമി ലീഗ് അനുകൂലികൾ ഏറ്റുമുട്ടിയത്. പ്രതിഷേധ പ്രകടനങ്ങൾക്കും ഹൈവേ ഉപരോധങ്ങൾക്കും പിന്നാലെയാണ് ആക്രമണം അരങ്ങേറിയത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തിയുപയോഗിച്ച് ഓടിക്കുന്നതിന്റെയും സ്ഫോടന ശബ്ദം കേൾക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർറഹ്‌മാന്റെ വീട് സ്ഥിതിചെയ്യുന്ന ധൻമോണ്ടിയിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി. സ്വത്തുക്കൾ നശിപ്പിക്കാനുള്ള ശ്രമമുണ്ടായതോടെ അവിടെയും സംഘർഷഭരിതമായി.
ഷെയ്ഖ് ഹസീനയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അതീവ കരുതലോടെയുള്ള സമീപനം സ്വീകരിക്കാൻ ഇന്ത്യ. ഹസീനയെ വിട്ടുനൽകുന്നതിൽ ബംഗ്ലാദേശ് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ച ശേഷം മാത്രമായിരിക്കും തീരുമാനം എടുക്കുകയെന്ന് ഉന്നതതല വൃത്തങ്ങൾ സൂചിപ്പിച്ചു.
ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട് കൈകാര്യം ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം. ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചാൽ രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് ബംഗ്ലാദേശിനെ അറിയിക്കും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകിയേ മതിയാകൂ എന്ന ശക്തമായ നിലപാടിലാണ് ബംഗ്ലാദേശ്. ഇന്ന് തന്നെ രേഖാമൂലം ആവശ്യം ഇന്ത്യയെ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്
കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന, സ്ഥാനചലനത്തിനു പിന്നാലെ ഡൽഹിയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഇവർക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐ.സി.ടി.) ചുമത്തിയിരിക്കുന്നത് അക്രമത്തിന് പ്രേരിപ്പിക്കൽ, പ്രകടനക്കാരെ കൊല്ലാൻ ഉത്തരവിടൽ, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടൽ എന്നിവയാണ്. ഹസീനയ്ക്ക് വധശിക്ഷ വിധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശിലെ രാഷ്ട്രീയ സ്ഥിതി അതീവ സംഘർഷഭരിതമായി തുടരുകയാണ്.