ബഹാമാസ്: വിനോദസഞ്ചാരത്തിന് പേരുകേട്ട ബഹാമാസ് തീരത്തെ സ്രാവുകളുടെ രക്തത്തിൽ കൊക്കെയ്ൻ, കഫീൻ, വേദനസംഹാരികൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി (Sharks Positive for Cocaine). എല്യൂതെറ ദ്വീപിന് സമീപമുള്ള 85 സ്രാവുകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ പരിശോധിച്ച ഗവേഷകർ, അതിൽ മൂന്നിലൊന്ന് സ്രാവുകളിലും മാരകമായ മയക്കുമരുന്നുകളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം സ്ഥിരീകരിച്ചു. ബയോളജിസ്റ്റ് നടാഷ വോസ്‌നിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ‘എൻവയോൺമെന്റൽ പൊല്യൂഷൻ’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
കഫീൻ കൂടാതെ അസറ്റാമിനോഫെൻ, ഡിക്ലോഫെനാക് തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളും ഒരു സ്രാവിലെങ്കിലും കൊക്കെയ്‌നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കടലിലെ അഴുക്കുചാലുകൾ വഴിയോ മറ്റ് സ്രോതസ്സുകൾ വഴിയോ ഇത്തരം രാസവസ്തുക്കൾ സമുദ്രത്തിൽ കലരാൻ സാധ്യതയുണ്ടെങ്കിലും, വിനോദസഞ്ചാരികളായ ഡൈവർമാരാണ് ഇതിന് പ്രധാന ഉത്തരവാദികളെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. സ്രാവുകളെ കാണാൻ ഡൈവർമാർ ധാരാളമായി എത്തുന്ന മേഖലകളിലെ സ്രാവുകളിലാണ് മരുന്നുകളുടെ സാന്നിധ്യം കൂടുതലായി കണ്ടത്. വിനോദസഞ്ചാരികൾ കടലിൽ മൂത്രമൊഴിക്കുന്നതും മലിനജലം കടലിലേക്ക് തള്ളുന്നതുമാണ് സ്രാവുകളുടെ ശരീരത്തിൽ മരുന്നുകൾ എത്തുന്നതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ഈ രാസവസ്തുക്കൾ സ്രാവുകളുടെ മെറ്റബോളിസത്തിൽ മാറ്റങ്ങൾ വരുത്തുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്രാവുകളുടെ സ്വഭാവത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. 2024-ൽ ബ്രസീലിലെ റിയോ ഡി ജനീറോ തീരത്ത് പിടികൂടിയ 13 സ്രാവുകളിലും കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമുദ്ര പരിസ്ഥിതി എത്രത്തോളം മലിനമാണെന്നതിന്റെ ഗൗരവകരമായ സൂചനയാണ് ഈ കണ്ടെത്തലുകൾ നൽകുന്നത്. വംശനാശഭീഷണി നേരിടുന്ന സ്രാവുകളുടെ സംരക്ഷണത്തിന് ഇത്തരം മലിനീകരണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Summary
A new study has detected cocaine, caffeine, and painkillers in the blood of sharks near the Bahamas coast. Biologists suggest that marine pollution from sewage and divers is the primary cause of this drug exposure in marine life.

