വാഷിങ്ടൺ: ഹമാസിനെതിരെ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉൾപ്പെടെ ഉടൻ കൈമാറണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കം നടത്തുന്നതിനിടെയാണ് ട്രംപിൻറെ കർശന നിർദ്ദേശം.
" 'ശാലോം ഹമാസ്’ എന്നാൽ 'ഹലോ, ഗുഡ്‌ബൈ' എന്നാണ് അർഥം. നിങ്ങൾക്ക് എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയയ്ക്കണം. നിങ്ങൾ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളും ഉടൻ കൈമാറണം. ഇല്ലെങ്കിൽ എല്ലാം ഇതോടെ അവസാനിക്കും." – ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
‘‘ജോലി പൂർത്തിയാക്കാൻ വേണ്ടതെല്ലാം ഞാൻ ഇസ്രയേലിലേക്ക് അയയ്ക്കുന്നു, ഞാൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്. ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. ഗാസയിലെ ജനങ്ങളോട്, നിങ്ങൾക്കു മനോഹരമായ ഭാവി കാത്തിരിക്കുന്നു. പക്ഷേ നിങ്ങൾ ബന്ദികളെ പിടിച്ചുവയ്ക്കരുത്. അങ്ങനെ ചെയ്താൽ, മരണമാകും ഫലം. ബുദ്ധിപൂർവമായ തീരുമാനം എടുക്കുക. ഇപ്പോൾ തന്നെ ബന്ദികളെ വിട്ടയയ്ക്കുക, അല്ലെങ്കിൽ നരകിക്കേണ്ടി വരും.’’– ട്രംപ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.