
ടോക്യോ: പ്രതീക്ഷിച്ചതിലും വളരെ നേരത്തേ രാജ്യത്ത് ഇൻഫ്ലുവൻസ (പകർച്ചപ്പനി) കേസുകൾ കുത്തനെ വർധിച്ചതോടെ ജപ്പാൻ ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നു. വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽ രാജ്യത്തുടനീളം സ്കൂളുകളും ചൈൽഡ് കെയർ സെന്ററുകളും അടച്ചിടാൻ കാരണമായിരിക്കുകയാണ്. കൂടാതെ ആശുപത്രികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ സർക്കാർ ഔദ്യോഗികമായി ഇൻഫ്ലുവൻസയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ആശങ്കാജനകമായ വ്യാപനം
സാധാരണയായി നവംബർ അവസാനമോ ഡിസംബറിലോ ആണ് ജപ്പാനിൽ പനി സീസൺ ആരംഭിക്കാറ്. എന്നാൽ ഈ വർഷം അഞ്ച് ആഴ്ച മുമ്പേ പകർച്ചപ്പനി പൊട്ടിപ്പുറപ്പെട്ടത് ജനങ്ങളെയും ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ട് പ്രകാരം, ദേശീയ ശരാശരിയും കടന്നാണ് പകർച്ചവ്യാധി പടരുന്നത്. സീസണിന്റെ തുടക്കത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നിലയാണിത്. ഈ മാസം ആദ്യം 4,000-ത്തിലധികം ആളുകളെ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇത് മുൻ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ്.
സ്ഥാപനങ്ങൾ അടച്ചു
ടോക്യോ, ഒക്കിനാവ, കഗോഷിമ എന്നിവിടങ്ങളിലെ 135 സ്കൂളുകളും ചൈൽഡ്കെയർ സെന്ററുകളും താൽക്കാലികമായി അടച്ചിട്ടു. യമഗത പ്രവിശ്യയിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ 36 വിദ്യാർഥികളിൽ 22 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നും അടച്ചുപൂട്ടി. കുട്ടികളിൽ വൈറസ് അതിവേഗം പടരുന്നതിൻ്റെ സൂചനയാണിത്.
ആരോഗ്യ സംവിധാനം സമ്മർദ്ദത്തിൽ
വൈദ്യസഹായം തേടുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ, ജപ്പാനിലുടനീളമുള്ള ആശുപത്രികളിൽ വീണ്ടും തിരക്കേറി. കാത്തിരിപ്പ് മുറികളുടെ തിരക്കും ജീവനക്കാരുടെ ക്ഷാമവും നേരിടുന്നത് കോവിഡ് കാലത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
വൈറസിൻ്റെ മാറ്റം
നേരത്തെയുള്ളതും തീവ്രവുമായ ഈ പകർച്ചവ്യാധി, ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിലെ മാറ്റത്തിൻ്റെ സൂചനയായിരിക്കാമെന്ന് ഹോക്കൈഡോ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ പ്രൊഫ. യോക്കോ സുകാമോട്ടോ പറഞ്ഞു.
പ്രതിരോധ നടപടികൾ നിർബന്ധം
വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർധിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നു.
വാക്സിനേഷൻ
വാക്സിനേഷനും വ്യക്തിഗത ശുചിത്വവുമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റെക്കോർഡ് എണ്ണം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതിനാൽ, ടോക്യോ ആസ്ഥാനമായുള്ള ട്രാവൽ മാർക്കറ്റിംഗ് അനലിസ്റ്റ് ആഷ്‌ലി ഹാർവി യാത്രക്കാരോട് കോവിഡ് സമയത്തെ അതേ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ ഉപദേശിച്ചു. മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക എന്നിവ ഇപ്പോഴും സഹായകരമാകും.
അധികൃതർ ഇതുവരെ രാജ്യവ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, അണുബാധ പടരുന്നത് തടയാൻ സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ വൈദ്യോപദേശം തേടാനും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർഥിച്ചു.