വാഷിങ്ടൺ: വെനസ്വേലയിൽ നിന്നുള്ള രഹസ്യ എണ്ണക്കടത്ത് തടയുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ വീണ്ടും എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം. ടിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് സമീപം അന്താരാഷ്ട്ര സമുദ്ര മേഖലയിൽ വെച്ചാണ് 'ഒലീന' എന്ന കപ്പൽ യുഎസ് സൈന്യം തടഞ്ഞത്.(Setback for Venezuela, US military seizes another ship in the Caribbean Sea)
ഈസ്റ്റ് ടിമോറിന്റെ പതാകയുമായാണ് കപ്പൽ സഞ്ചരിച്ചിരുന്നതെങ്കിലും ഇതിന്റേത് വ്യാജ രജിസ്‌ട്രേഷനാണെന്ന് യുഎസ് അറിയിച്ചു. വെനസ്വേലയിൽ നിന്ന് ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന മാഫിയാ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലെന്ന് യുഎസ് സതേൺ കമാൻഡ് വ്യക്തമാക്കി.
കപ്പലിന് മുകളിൽ യുഎസ് ഹെലികോപ്റ്റർ പറന്നിറങ്ങുന്നതും സൈനികർ ഡെക്കിൽ പരിശോധന നടത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കപ്പൽ എണ്ണയുമായി പുറപ്പെട്ടത്.
വെനസ്വേലൻ എണ്ണയുടെ ആഗോള വിതരണം തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിൽ യുഎസ് സൈന്യം പിടിച്ചെടുക്കുന്ന അഞ്ചാമത്തെ എണ്ണക്കപ്പലാണിത്. കഴിഞ്ഞ ദിവസം റഷ്യൻ പതാകയുള്ള 'മറിനേര' എന്ന കപ്പലും യുഎസ് പിടിച്ചെടുത്തിരുന്നു. വെനസ്വേലയിലേക്കും അവിടെനിന്നുമുള്ള എണ്ണ നീക്കത്തിന് അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ഇനിയും കർശന നടപടികൾ തുടരുമെന്ന സൂചനയാണ് സതേൺ കമാൻഡ് നൽകുന്നത്.