യുഎസ്: ഗ്രീൻലാൻഡിലെ ബിസിനസ് അനുകൂല പ്രതിപക്ഷമായ ഡെമോക്രാറ്റിറ്റ് പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കിടെയാണ് ഗ്രീൻലാൻഡിലെ ബിസിനസ് അനുകൂല പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഡെന്മാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള സമീപനത്തെ അനുകൂലിക്കുന്ന ഡെമോക്രാറ്റിറ്റ്, എല്ലാ ബാലറ്റുകളും എണ്ണിയപ്പോൾ 29.9% വോട്ടുകൾ നേടി. 2021-ൽ ഇത് 9.1% ആയിരുന്നു.
സ്വാതന്ത്ര്യത്തിലേക്കുള്ള സമാധാനത്തിന്റെ പാത തേടുന്ന ഭരണകക്ഷിയായ ഇൻയൂട്ട് അറ്റാകാറ്റിജിറ്റ് പാർട്ടിയും അതിന്റെ പങ്കാളിയായ സിയുമുട്ടും സംയുക്തമായി 36 ശതമാനം വോട്ടുകൾ നേടി, 2021 ൽ ഇത് 66.1 ശതമാനമായിരുന്നു.
ജനുവരിയിൽ അധികാരമേറ്റതിനുശേഷം, ഡൊണാൾഡ് ട്രംപ് ഡെന്മാർക്കിന്റെ അർദ്ധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഇത് യുഎസ് സുരക്ഷാ താൽപ്പര്യങ്ങൾക്ക് നിർണായകമാണെന്നും പറഞ്ഞു. മിക്ക ഗ്രീൻലാൻഡുകാരും ഈ ആശയം നിരാകരിച്ചു.
57,000 മാത്രം ജനസംഖ്യയുള്ള വിശാലമായ ദ്വീപ്, ആർട്ടിക് മേഖലയിൽ ആധിപത്യത്തിനായുള്ള ഒരു ഭൗമരാഷ്ട്രീയ മത്സരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അവിടെ മഞ്ഞുപാളികൾ ഉരുകുന്നത് അതിന്റെ വിഭവങ്ങൾ കൂടുതൽ പ്രാപ്യമാക്കുകയും പുതിയ ഷിപ്പിംഗ് റൂട്ടുകൾ തുറക്കുകയും ചെയ്യുന്നു. റഷ്യയും ചൈനയും മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.