
1976 ലെ ന്യൂയോർക്ക് നഗരം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന ഖ്യാതി സ്വന്തമായിരുന്ന ഈ പട്ടണത്തിലെ മനുഷ്യരുടെ അവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. കമിതാക്കൾ ഒരുമിച്ചു പുറത്തിറങ്ങാതെയായി. കറുത്ത മുടിയുള്ള സ്ത്രീകൾ തങ്ങളുടെ മുടിയുടെ നീളം വെട്ടികുറയ്കുന്നു, ഇരുണ്ട മുടിയുടെ നിറം മാറ്റുന്നു. ഒരു നഗരത്തിലെ മനുഷ്യർ പേടിച്ചും ഒളിച്ചും ജീവിക്കാൻ തുടങ്ങി. ഭയം ആ നഗരത്തെ വല്ലാതെ വിഴുങ്ങിയിരുന്നു. ഒരിക്കലും ഉറങ്ങാത്ത നഗരത്തിന് ഇരുട്ടിനെ പേടിയായിരുന്നു. ഇരുട്ടിന്റെ മറവിൽ തങ്ങളുടെ ജീവൻ അപഹരികുവാൻ പതിയിരുന്ന കൊലയാളിയേയും അയാളുടെ കൈയിലെ തോക്കിനെയും ഒരുകാലത്ത് ന്യൂയോർക് നഗരം വല്ലാതെ ഭയന്നിരുന്നു. സാമിന്റെ മകൻ എന്ന് സ്വയം വിശേഷിപ്പിച്ച് തന്റെ ദുഷ്ചിന്തകളുടെ നിഴലിൽ നിരപരാധികളായ മനുഷ്യരെ വെട്ടിയാടി രസിച്ച സൺ ഓഫ് സാം (Son of Sam) എന്ന ഡേവിഡ് ബെർകോവിറ്റ്സ് (David Berkowitz).
1953 ജൂൺ 1 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ റിച്ചാർഡ് ഡേവിഡ് ഫാൽക്കോ (Richard David Falco ) എന്ന പേരിൽ ജനിച്ച ഡേവിഡ് ബെർകോവിറ്റ്സ്. ഏറെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഡേവിഡിന്റെ ജീവിതം. ജനനത്തിന് തൊട്ടുപിന്നാലെ അവിവാഹിതയായ അമ്മ അവനെ ദത്തെടുക്കാൻ വിട്ടുകൊടുക്കുന്നു. അധികം വൈകാതെ ഒരു ജൂത ദമ്പതികൾ ആ കുഞ്ഞിനെ ദത്തെടുക്കുന്നു. തൊഴിലാളിവർഗ കുടുംബത്തിൽ വളർന്നെങ്കിലും, ഡേവിഡ് വളരെ അസ്വസ്ഥനായ ഒരു കുട്ടിയായിരുന്നു. പൊടുന്നനെ ദേഷ്യപ്പെടുന്ന ശാഠ്യക്കാരൻ. ജൂതൻ എന്നത് കൊണ്ട് മാത്രം സഹപാഠികളുടെ പരിഹാസത്തിനും ശാരീരിക ഉപദ്രവങ്ങളും പലപ്പോഴും ആ ബാലന് ഏറ്റുവാങ്ങേടി വന്നിരുന്നു. എന്നാൽ ഡേവിഡിന്റെ ജീവിതം തലകീഴായി മറിയുന്നത് വളർത്തമ്മയുടെ വിയോഗത്തോടെയാണ്. അമ്മയുടെ മരണശേഷം അവൻ കൂടുതൽ അക്രമാസക്തനായി മാറി. തക്കം കിട്ടുമ്പോൾ കണ്ണിൽ കാണുന്ന മൃഗങ്ങളെ ഉപദ്രവിക്കും. പഠനം പൂർത്തിയാക്കിയ ശേഷം 18-ാം വയസ്സിൽ അമേരിക്കൻ സൈന്യത്തിൽ ചേർന്നു. തുടർന്ന് നാലു വർഷകാലം സൈന്യത്തിന്റെ ഭാഗമായിരുന്ന ഡേവിഡ് 1974 സൈന്യത്തിൽ നിന്നും വിരമിക്കുന്നു.
സൈനിക സേവനം പൂർത്തിയാക്കി സ്വന്തം നാട്ടിൽ ഡേവിഡിനെ കാത്തിരുന്നത് ഏകാന്തത മാത്രമായിരുന്നു. ബാല്യം മുതലേ വൈകാരികമായി ഏറെ തകർന്ന ഡേവിഡിനെ ഈ ഏകാന്തത വല്ലാതെ വേട്ടയാടി. പലതും കാണാനും കേൾക്കാനും തുടങ്ങി. തന്നോട് ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് പോലെ തോന്നി തുടങ്ങി. അത് പൈശാചിക ശക്തികൾ ആണ് എന്ന് സ്വയം വിശ്വസിക്കുന്നു. കുഞ്ഞിലെ മൃഗങ്ങളെ കൊന്ന് തുടങ്ങിയ ശീലം പതിയെ മനുഷ്യരിലേക്കും പടരുന്നു.
1976 ജൂലൈ 29, സമയം അർദ്ധരാത്രി ഒരു മാണി കഴിഞ്ഞു കാണും. ഡോണ ലോറിയയും അവളുടെ സുഹൃത്ത് ജോഡി വാലന്റിയും ബ്രോങ്ക്സിലെ പാർക്കിൽ നിർത്തിയിട്ട കാറിനുള്ളിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ഇരുട്ടിൽ നിന്നും കാറിന്റെ അടുത്തേക്ക് ഡേവിഡ് നടന്ന് എത്തുന്നു. ഡേവിഡിന്റെ കൈയിൽ കരുതിയ പേപ്പർ ബാഗിൽ നിന്നും കൈത്തോക്ക് ആ യുവതികൾക്ക് നേരെ നീട്ടി. നിമിഷനേരം കൊണ്ട് കാറിന്റെ ചില്ലുകൾ തകർത്തു കൊണ്ട് വേണ്ടിയുണ്ടകൾ ആ യുവതികളുടെ ശരീരത്തിൽ തുളച്ചു കയറി. മൂന്ന് തവണയാണ് ഡേവിഡ് അവർക്ക് നേരെ നിറയൊഴിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നു. വെടിയേറ്റ് ഡോണ തൽക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജോഡി രക്ഷപ്പെട്ടിരുന്നു.
മോഷണ ശ്രമത്തിനിടയിൽ നടത്തിയ കൊലപാതകം എന്നായിരുന്നു പോലീസിന്റെ നിഗമനം. ഗുരുതരാവസ്ഥ തരണം ചെയ്ത ജോഡിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. 'ഇളം നിറത്തിൽ കണ്ടാൽ മുപ്പതു വയസ്സ് തോന്നിക്കുന്ന ചുരുണ്ട മുടിയുള്ള പുരുഷൻ'- എന്നായിരുന്നു ജോഡി നൽകി മൊഴി. തനിക്ക് ആക്രമിയുടെ മുഖം ഓർമ്മയില്ല എന്ന് കൂടി ജോഡി പറയുന്നു. അന്ന് രാത്രി പാർക്കിലുണ്ടായിരുന്ന പലരെയും പോലീസ് ചോദ്യം ചെയുന്നു. എന്നാൽ ആരും തന്നെ കൊലയാളിയെ കണ്ടിട്ടില്ല. കൊലയാളിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും പോലീസിന് ലഭിക്കുന്നുമില്ല.
തന്റെ ആദ്യ കൊലപാതകത്തിൽ പിടിക്കപ്പെടാതെ വന്നതോടെ കൂടുതൽ കുറ്റങ്ങൾ ചെയ്തു കൂട്ടാനുള്ള ആർത്തിയായി ഡേവിഡിന്റെ ഉള്ളിൽ. ഒക്ടോബർ 23 ന്, ഡേവിഡ് രണ്ടു കമിതാക്കളെ ആക്രമിക്കുന്നു. ആദ്യ കൊലപാതകത്തിന് സമാനമായ രീതിയായിരുന്നു രണ്ടാമതും. എന്നാൽ അത്ഭുതം എന്നോണം ഇരുവരും രക്ഷപ്പെടുന്നു. ഡേവിഡിൽ നിന്നും രക്ഷപ്പെട്ട കമിതാക്കൾ പോലീസിൽ പരാതിപ്പെടുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 44 കാലിബർ കൈത്തോക്കാണ് കുറ്റവാളി ഉപയോഗിച്ചിരിക്കുന്നത് എന്ന് തെളിയുന്നു. ഇവിടെയും പ്രതിയെ കുറിച്ച് യാതൊരു തുമ്പും പോലീസിന് ലഭിക്കുന്നില്ല. തൊട്ടടുത്ത മാസവും ഡേവിഡ് രണ്ടു സ്കൂൾ വിദ്യാർത്ഥികളെ കൂടി ആക്രമിക്കുന്നു. ഡേവിഡിന്റെ വെടിയേറ്റ ഇരുവരും രക്ഷപ്പെടുന്നു.
ന്യൂയോർക്ക് നഗരത്തിന്റെ പല ഭാഗങ്ങളിലായി സമാന രീതിയിൽ പലരും ഡേവിഡിന്റെ തോക്കിന് ഇരയാകുന്നു. ആറു മനുഷ്യർ ഡേവിഡിന്റെ 44 കാലിബറിന് ഇരയായി. തലനാരിരയ്ക്ക് രക്ഷപ്പെട്ടവരും ഏറെ. എന്നാൽ പോലീസ് എത്ര കിടഞ്ഞു പരിശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്തുവാൻ സാധിച്ചില്ല. ഒരു വർഷം നീണ്ടുനിന്ന കൊലപാതക പരമ്പരയിൽ, ഡേവിഡ് തന്റെ കുറ്റകൃത്യങ്ങൾക്ക് ഒരു മാനസിക മാനം നൽകിയ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകൾ പോലീസിനും പത്രങ്ങൾക്കും അയച്ചിരുന്നു. 1977 മെയ് മാസത്തിൽ ഡെയ്‌ലി ന്യൂസ് കോളമിസ്റ്റായ ജിമ്മി ബ്രെസ്‌ലിന് ഡേവിഡ് ഒരു കത്തെഴുതുന്നു. അതിൽ ഞാൻ സാമിന്റെ മകൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. ഡേവിഡ് ഇങ്ങനെ അയച്ചിരുന്ന കത്തുകൾ ന്യൂയോർക്ക് നഗരത്തിന്റെ സമാധാനം തച്ചുടച്ചിരുന്നു. കത്തുകൾ ആരാണ് അയച്ചത് എന്ന് കണ്ടെത്തുവാൻ പോലും പോലീസിനെ കൊണ്ട് സാധിച്ചിരുന്നില്ല.
ഇതേ കാലയളവിലാണ് സാമിന്റെ മകൻ എന്ന് സ്വയം വിശേഷിപ്പിച്ച കൊലയാളിയുടെ കൊലപാതക രീതി നഗരത്തിൽ ചർച്ചയാകുന്നത്. കൊല്ലപ്പെട്ട സ്ത്രീകൾക്ക് എല്ലാം കറുത്ത മുടി, കമിതാക്കളെ വെറുതെ വിടാത്ത കൊലയാളി. അതോടെ കറുത്ത മുടിയുള്ള സ്ത്രീകൾ മുടിയുടെ നിറം മാറ്റാൻ ഓട്ടമായി. കമിതാക്കൾ പുറത്തിറങ്ങാതെയായി. എങ്ങനെയൊക്കെ പോലീസ് ശ്രമിച്ചിട്ടും കൊലയാളിയെ പിടികൂടാൻ സാധിച്ചില്ല. ഒരു നഗരത്തെ മുഴുവൻ വിറപ്പിച്ച ഡേവിഡിനെ കുടുക്കിയത് ഒരു പാർക്കിംഗ് ടിക്കറ്റായിരുന്നു.
1977 ഓഗസ്റ്റ് 10-ന് അറസ്റ്റിലായ ശേഷം, ഞാൻ തന്നെയാണ് "സാമിന്റെ മകൻ" എന്ന് ഡേവിഡ് സമ്മതിക്കുന്നു. തുടർന്ന്, അയാൾ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അസ്വസ്ഥത ഉളവാക്കുന്ന വിശദാംശങ്ങൾ വിവരിക്കുകയും ചെയ്തു. അയൽക്കാരന്റെ നായയെ ബാധിച്ച ഒരു ഭൂതമാണ് തന്നോട് മറ്റുളവരെ കൊല്ലാൻ കൽപ്പിച്ചതെന്നാണ് ഡേവിഡ് പോലീസിന് നൽകിയ മൊഴി. നായയുടെ കൽപ്പനകൾ പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അയാൾ അവകാശപ്പെട്ടു. എല്ലാം കുറ്റങ്ങളും അയാൾ സമ്മതിച്ചു. ഓരോ തവണയും കൊലചെയുമ്പോഴും താൻ ഒരു സൈനികൻ ആണ് എന്ന് തോന്നിയിരുന്നു എന്ന്. ന്യൂയോർക്ക് നഗരത്തിൽ ഭീതിവിതച്ച കൊലയാളി ഡേവിഡ് തന്നെയാണ് എന്ന് കോടതിയിൽ തളിഞ്ഞു. 365 വർഷം കഠിന തടവിനാണ് ഡേവിഡിന് കോടതി നൽകിയ ശിക്ഷ. നിലവിൽ, ന്യൂയോർക്കിലെ വാൾകില്ലിലുള്ള ഷാവൻഗുങ്ക് കറക്ഷണൽ ഫെസിലിറ്റിയിൽ ഡേവിഡ് ബെർകോവിറ്റ്സ് തന്റെ അവസാന നാളുകൾ കാത്ത് കഴിയുന്നത്.