

ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് കീഴിൽ ജീവിക്കുന്ന ഒരു സംഘടിത സമൂഹത്തെയാണ് ഒരു രാഷ്ട്രം അല്ലെങ്കിൽ ഒരു രാജ്യം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ മാനദണ്ഡങ്ങളെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് നിലകൊള്ളുന്ന ഒരു രാജ്യമുണ്ട്. രാജ്യം എന്ന് പറയുമ്പോൾ, ഒട്ടനവധി മനുഷ്യർ തിങ്ങിപ്പാർക്കുന്ന രാഷ്ട്രീയ വ്യവസ്ഥയ്ക്ക് കിഴിലുള്ള ഒരു രാജ്യമല്ല ഇത്. കടലിന്റെ ഒത്തനടുക്കായി രണ്ടു തൂണുകൾ, അതിന് മുകളിലായി ഒരു രാജ്യം. കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം, എന്നാൽ ഇതിലും വിചിത്രമാണ് സീലാൻഡ് (Sealand) എന്ന സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്റെ കഥയും നിലനിൽപ്പും.
ഇംഗ്ലണ്ടിലെ സഫോക്ക് തീരത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ, വടക്കൻ കടലിൽ സ്ഥിതി ചെയ്യുന്ന ഈ മൈക്രോനേഷൻ, രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടൻ നിർമ്മിച്ച റഫ്സ് ടവർ എന്ന സൈനിക കോട്ടയാണ്. ഉപേക്ഷിക്കപ്പെട്ട ഈ കോട്ടയുടെ മുകളിലാണ് സീലാൻഡ് രാജ്യം സ്ഥിതി ചെയ്യുന്നത്. അക്കാലത്ത് നാവിക, സൈനിക ആവശ്യങ്ങൾക്കായി മൗൺസെൽ കോട്ടയായി ഇത് പ്രവർത്തിച്ചിരുന്നു. ജർമ്മൻ വിമാനങ്ങളിൽ നിന്ന് ഇംഗ്ലണ്ടിന്റെ തീരത്തെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഒരു ആന്റി-എയർക്രാഫ്റ്റ് ഗൺ പ്ലാറ്റ്‌ഫോമായിരുന്നു ഇവിടം.
550 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രാജ്യം
1967 ൽ, മുൻ ബ്രിട്ടീഷ് ആർമി മേജറും പൈറേറ്റ് റേഡിയോ ഓപ്പറേറ്ററുമായിരുന്ന പാഡി റോയ് ബേറ്റ്സ് (Paddy Roy Bates) ഈ കോട്ടയുടെ നിയന്ത്രണം കൈവശപ്പെടുത്തുന്നു. തുടർന്ന്, 1967 സെപ്റ്റംബർ 2 ന്, റോയ് ബേറ്റ്സ് കോട്ടയെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുന്നു. അദ്ദേഹം സ്വയം 'പ്രിൻസ് റോയ്' എന്നും ഭാര്യ 'പ്രിൻസസ് ജോവാൻ' എന്നും പേര് സ്വീകരിച്ച് പാരമ്പര്യ രാജഭരണം സ്ഥാപിക്കുന്നു. അങ്ങനെ, വെറും 550 ചതുരശ്ര മീറ്റർ മാത്രം വിസ്തീർണ്ണമുള്ള, ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം പിറന്നു. എന്നാൽ, ഈ രാജ്യത്തെ മറ്റൊരു രാഷ്ട്രവും അംഗീകരിച്ചിട്ടില്ല.
അങ്ങനെയിരിക്കെ, 1968-ൽ ബ്രിട്ടീഷ് സർക്കാർ റേഡിയോ സ്റ്റേഷൻ പൊളിക്കാൻ ഉത്തരവിടുന്നു. ഇതിന്റെ ഭാഗമായി, ഏതാനം തൊഴിലാളികൾ ഇവിടേക്ക് എത്തുന്നു. എന്നാൽ, ബ്രിട്ടീഷ് സർക്കാറിന്റെ ഈ നീക്കത്തിൽ പ്രകോപിതരായ ബേറ്റ്സും മകൻ മൈക്കിളും റേഡിയോ സ്റ്റേഷൻ പൊളിക്കൽ എത്തിയ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തു. അന്ന്, ഈ സംഭവം വലിയ വർത്തയായിയെങ്കിലും, വെടിവയ്പ്പ് നടന്നത് ബ്രിട്ടീഷ് അതിര്‍ത്തിക്ക് പുറത്തായത് കൊണ്ട് തന്നെ കോടതി സീലാൻഡിനെതിരെ കേസ് എടുത്തിരുന്നില്ല. കൂടാതെ, ഇത് സീലാൻഡിന്റെ പരമാധികാര പദവിയെ അനുകൂലിക്കുന്ന നീക്കമാണ് എന്ന് പലരും വാദിച്ചിരുന്നു. എന്നിരുന്നാലും, നിയമ വിദഗ്ധർ ഇതിനെ ആവർത്തിച്ച് എതിർത്തിട്ടുണ്ട്. അതിനുശേഷം ആവർത്തിച്ചുള്ള ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, സീലാൻഡ് അതെല്ലാം ചെറുത്തു നിന്നു. 1987-ൽ ബ്രിട്ടൻ തങ്ങളുടെ സമുദ്രാതിർത്തി 12 നോട്ടിക്കൽ മൈലായി വർധിപ്പിച്ചു, അതുവഴി സീലാൻഡിനെ ബ്രിട്ടീഷ് അധികാരപരിധിയിൽ കൊണ്ടുവന്നു. എന്നിരുന്നാലും, ഈ വികാസത്തിന് മുമ്പ് തന്നെ സ്ഥാപിതമായതിനാൽ തങ്ങൾക്ക് ഇതിൽ നിയമപരമായ മുൻഗണനയുണ്ടെന്ന് സീലാൻഡ് വാദിക്കുന്നു.
ആഭ്യന്തര യുദ്ധം
റോയ് ബേറ്റ്സും ഭാര്യയും ഓസ്ട്രിയയിലായിരുന്നപ്പോൾ, മുൻ സ്വയം പ്രഖ്യാപിത 'സീലാൻഡ് പ്രധാനമന്ത്രി' അലക്സാണ്ടർ അച്ചൻബാക്ക് ഡച്ച്, ജർമ്മൻ കൂലിപ്പടയാളികളുമായി കോട്ട ആക്രമിച്ച് ബേറ്റ്സിന്റെ മകൻ മൈക്കിളിനെ ബന്ദിയാക്കി. എന്നാൽ, ഇത് അറിഞ്ഞ റോയ് ബേറ്റ്സ് ഹെലികോപ്റ്ററിൽ തിരിച്ചെത്തി കോട്ട തിരിച്ചുപിടിച്ചു. ആക്രമണകാരികളെ യുദ്ധത്തടവുകാരായി പിടികൂടി. തടവിലാക്കപ്പെട്ട ജർമ്മൻ പൗരന്മാരുടെ മോചനത്തിനായി ജർമ്മൻ സർക്കാർ ഒരു നയതന്ത്ര പ്രതിനിധിയെ സീലൻഡിലേക്ക് അയക്കുന്നു. ഒരു വിദേശ നയതന്ത്രജ്ഞൻ ഒരു രാജ്യത്തേക്ക് പോകുന്നത് ഔദ്യോഗിക അംഗീകാരത്തിന് തുല്യമാണെന്നതിന്റെ ശക്തമായ തെളിവായി സീലാൻഡ് ഇതിന്റെ എടുത്തു കാട്ടിയിരുന്നു.
സ്വന്തമായി ഭരണഘടനയും പതാകയും
ഒരു ചെറിയ കോട്ടയാണെങ്കിലും, ഒരു സ്വതന്ത്ര രാഷ്ട്രത്തിന് ആവശ്യമായ എല്ലാ ഭരണപരമായ ഘടകങ്ങളും സീലാൻഡിലുണ്ട്. സ്വന്തം ഭരണഘടന, പതാക, ദേശീയഗാനം, പാസ്‌പോർട്ടുകൾ (അന്താരാഷ്ട്ര അംഗീകാരമില്ലാത്തവ), കറൻസി (സീലാൻഡ് ഡോളർ), തപാൽ സ്റ്റാമ്പുകൾ. 2012-ൽ റോയ് ബേറ്റ്സിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ പ്രിൻസ് മൈക്കൽ ബേറ്റ്സ് നിലവിലെ സീലൻഡിന്റെ ഭരണാധികാരി. സാമ്പത്തികമായി അതിജീവിക്കാൻ സീലാൻഡ് പ്രധാനമായും 'പ്രഭുത്വ' വിൽപ്പനയെ ആശ്രയിക്കുന്നു. 30 ഡോളർ മുതൽ ആരംഭിക്കുന്ന തുകയ്ക്ക് ആർക്കും ‘ലോർഡ്’ അല്ലെങ്കിൽ ‘ലേഡി’ പദവി നേടാം. ലോക രാജ്യങ്ങളുടെ ഭൂപടത്തിൽ പ്രത്യക്ഷപ്പെടാത്ത കടലിന്റെ നടുവിലുള്ള ഈ ഇരുമ്പ് കോട്ട, സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ അതുല്യമായ പോരാട്ടത്തിന്റെ പ്രതീകമായി ഇന്നും ഉറച്ചുനിൽക്കുന്നു.
Summary: Sealand is a self-proclaimed micronation located on a former World War II sea fort in the North Sea, about 12 km off the coast of England. Founded in 1967 by Paddy Roy Bates, Sealand claims independence with its own flag, constitution, and currency, though it is not officially recognized by any country. Despite its tiny size, it stands as a powerful symbol of freedom and self-governance born in the middle of the sea.