ലോസ് ആഞ്ചലസ്: തന്റെ മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും ബൈപോളാർ ഡിസോർഡർ തിരിച്ചറിയുന്നതിലുണ്ടായ പ്രയാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ഗായികയും നടിയുമായ സെലീന ഗോമസ് (Selena Gomez). ഭർത്താവ് ബെന്നി ബ്ലാങ്കോയുടെ പുതിയ പോഡ്‌കാസ്റ്റ് ഷോയായ ‘ഫ്രണ്ട്സ് കീപ്പ് സീക്രട്ട്സി’ന്റെ ആദ്യ എപ്പിസോഡിലാണ് 33-കാരിയായ സെലീന തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിന് മുൻപ് താൻ പലതവണ തെറ്റായ ചികിത്സകൾക്ക് വിധേയയായിരുന്നുവെന്ന് സെലീന വെളിപ്പെടുത്തി.
തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായിരുന്നെങ്കിലും പല തെറാപ്പിസ്റ്റുകളും പലതരം നിഗമനങ്ങളിലാണ് എത്തിയതെന്ന് സെലീന പറഞ്ഞു. ശരിയായ രോഗനിർണ്ണയത്തിനായി നാല് തവണ പുനരധിവാസ കേന്ദ്രങ്ങളിൽ പോകേണ്ടി വന്നുവെന്നും നിരവധി തെറാപ്പിസ്റ്റുകളെ കാണേണ്ടി വന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് തന്നെ വളരെ സങ്കീർണ്ണമാണെന്നും മാനസികാരോഗ്യത്തിനായി ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നത് പോലും വലിയ കടമ്പയാണെന്നും സെലീന വിവരിച്ചു.
താൻ ഒരു മാനിക് ഘട്ടത്തിലേക്ക് കടക്കുന്നത് എപ്പോഴാണെന്ന് ഇപ്പോൾ തിരിച്ചറിയാൻ പഠിച്ചുവെന്ന് സെലീന പറഞ്ഞു. സെലീനയുടെ മാനസികാവസ്ഥയിൽ മാറ്റം വരുമ്പോൾ അത് തിരിച്ചറിയാനും പിന്തുണ നൽകാനും തനിക്ക് സാധിക്കാറുണ്ടെന്ന് ഭർത്താവ് ബെന്നി ബ്ലാങ്കോയും വ്യക്തമാക്കി. പലപ്പോഴും താൻ ആ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അത് ഓർമ്മയുണ്ടാകാറില്ലെന്നും എന്നാൽ പങ്കാളിയുടെ പിന്തുണ തനിക്ക് വലിയ ആശ്വാസമാണെന്നും സെലീന പറഞ്ഞു. തന്റെ അവസ്ഥ മനസ്സിലാക്കി ഒപ്പം നിൽക്കുന്ന ഒരു പങ്കാളി ഉണ്ടാവുക എന്നത് വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

