

ദമാസ്കസ്: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയിൽ നിന്ന് കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് പൂർണ്ണമായും പിന്മാറി ( SDF Withdrawal Aleppo). ദിവസങ്ങൾ നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ ഉണ്ടായ വെടിനിർത്തൽ കരാറിനെത്തുടർന്നാണ് പിന്മാറ്റം. അലപ്പോ ഗവർണർ അസാം അൽ-ഗരീബ് ആണ് നഗരം ഇപ്പോൾ എസ്.ഡി.എഫ് പോരാളികളിൽ നിന്ന് മുക്തമാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.
നഗരത്തിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശങ്ങളായ ഷെയ്ഖ് മഖ്സൂദ്, അഷ്‌റഫിയ എന്നിവിടങ്ങളിൽ നിന്നാണ് പോരാളികൾ ഒഴിഞ്ഞുപോയത്. ഇവരെ ബസ്സുകളിൽ വടക്കൻ-കിഴക്കൻ സിറിയയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.എസ്.ഡി.എഫും സിറിയൻ ഗവൺമെന്റും തമ്മിലുള്ള ഈ ധാരണയ്ക്ക് പിന്നിൽ അമേരിക്കയുടെ ശക്തമായ മധ്യസ്ഥതയുണ്ടായിരുന്നു. കുർദിഷ് സേനയുമായും സിറിയയിലെ പുതിയ ഇടക്കാല ഭരണകൂടവുമായും അമേരിക്കയ്ക്ക് അടുത്ത ബന്ധമാണുള്ളത്. കുർദിഷ് സേനയെ സിറിയൻ ദേശീയ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ടതാണ് പോരാട്ടത്തിന് കാരണമായത്. 2025 മാർച്ചിൽ ഉണ്ടാക്കിയ കരാർ നടപ്പിലാക്കാൻ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ.
കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ പോരാട്ടത്തിൽ ഏകദേശം 30 പേർ കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തോളം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തു. സിറിയയുടെ വടക്കുകിഴക്കൻ മേഖലയുടെ വലിയൊരു ഭാഗം ഇപ്പോഴും എസ്.ഡി.എഫിന്റെ നിയന്ത്രണത്തിലാണ്. ഇവർ ആയുധം താഴെ വെക്കാനും പൂർണ്ണമായും ദമാസ്കസിന്റെ നിയന്ത്രണത്തിൽ വരാനും വിമുഖത കാണിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയായി തുടരുന്നു.
The Kurdish-led Syrian Democratic Forces (SDF) have completely evacuated the city of Aleppo following a U.S.-brokered ceasefire agreement. The withdrawal comes after days of deadly clashes in the Sheikh Maqsoud and Ashrafieh neighborhoods, triggered by the collapse of talks to integrate the SDF into the national army. While calm has returned to Syria's second-largest city, the underlying tension over Kurdish autonomy and the integration of their 90,000-strong force remains a significant threat to national unity.