
ലോകത്ത് ഏറ്റവും ഭയാനകമായ ശിക്ഷ ഏതാണ് എന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം മരണം എന്നാകും. മനുഷ്യരാശിയുടെ ചരിത്രത്തിൽ മനുഷ്യർ നേരിട്ട ഏറ്റവും ക്രൂരമായ ശിക്ഷ മരണമായിരുന്നില്ല. ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കുകയാണ് എങ്കിൽ ഒട്ടനവധി വിചിത്രമായ വധശിക്ഷ രീതികളുടെ കഥകൾ കാണുവാൻ സാധിക്കുന്നതാണ്. ഇവയിൽ പലതും ഇരയുടെ മരണശിക്ഷ നിമിഷനേരം കൊണ്ട് പൂർത്തിയാകുന്നതാണ്, ഗില്ലറ്റിൻ മുതൽ ഗ്യാസ് ചേമ്പർ രീതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ലോകത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷ. ജീവിച്ചിരിക്കുമ്പോൾ തന്നെ ചെറുപ്രാണികളും പുഴുക്കളും സ്വന്തം ശരീരത്തെ ഭക്ഷിക്കുന്നതിനെ കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. പതിനഞ്ചോളം ദിവസം നരകയാതന അനുഭവിച്ച ശേഷം മരണത്തിന് കിഴടങ്ങുന്നു, ഇതാണ് സ്കാഫിസം (Scaphism).
പുരാതന പേർഷ്യയിലെ നിലനിന്ന ഒരു വധശിക്ഷാ രീതിയാണ് സ്കാഫിസം. ആദ്യത്തെ പേർഷ്യൻ (ഇറാനിയൻ) സാമ്രാജ്യമായിരുന്നു അക്കീമെനിഡ് സാമ്രാജ്യം. ബിസി 550-ൽ മഹാനായ സൈറസായിരുന്നു ഈ സാമ്രാജ്യം സ്ഥാപിച്ചത്. പേർഷ്യയിലെ രാജാക്കന്മാർ ഒന്നിലധികം വംശീയ വിഭാഗങ്ങളും രാജ്യങ്ങളും അടങ്ങുന്ന സങ്കീർണ്ണമായ സാമ്രാജ്യമാണ് ഭരിച്ചിരുന്നത്. ഒരു വലിയ സാമ്രാജ്യം എന്ന നിലയിൽ ചിട്ടയായ ഭരണ നിർവഹണത്തിനും , രാജാക്കന്മാർക്ക് ഭരണം ഉറപ്പിക്കാനും ഭരണാധികാരികൾ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമായിരുന്നു ഭയം. പ്രജകളുടെ ഉള്ളിൽ ഭയം നിറയ്ക്കാൻ വണ്ടി പല മാർഗ്ഗങ്ങളും ഉപയോഗിച്ചിരുന്നു, അതിൽ പ്രധാനമായിരുന്നു സ്കാഫിസം.
രാജാവിനെതിരെ പ്രവർത്തിക്കുന്നവർ അല്ലെങ്കിൽ രാജാവിനെ അപ്രിയമായവരെ ശിക്ഷിച്ചിരുന്നു രീതിയായിരുന്നു സ്കാഫിസം. ഇരയെ പൂർണ്ണ നഗ്നനാക്കി ഒരു വഞ്ചിയിൽ കിടത്തുന്നു. ശേഷം ഇരയുടെ തലയും രണ്ടു കൈയും കാലും മാത്രം പുറത്താകുന്ന രീതിയിൽ മറ്റൊരു ചെറു വഞ്ചിയോ തടി കഷണമോ കൊണ്ട് മൂടുന്നു. നല്ലപോലെ സൂര്യ പ്രകാശം മുഖത്തും തലയിലും കൈയിലും കാലിലും പതിക്കുന്ന രീതിയിലാണ് ഇത് ചെയുക. രണ്ടു വഞ്ചികളും ഇളകിമാറാതിരിക്കാൻ വേണ്ടി പ്രതേകം കയറുകൾ കൊണ്ട് ചുറ്റും വരിഞ്ഞു മുറുക്കുന്നു. ശിക്ഷയുടെ അടുത്ത പടിയെന്നോണം, ഇരയെ കൊണ്ട് വയറു നിറയെ പാലും തേനും കുടിപ്പിക്കുന്നു. ഇരയ്ക്ക് വയറിളക്കം ഉണ്ടാകുന്നത് വരെ ഇങ്ങനെ പാലും തേനും കൊണ്ടുകൊണ്ടേയിരിക്കും. അതോടെ ഭദ്രമായി അടച്ചു ഉറപ്പിച്ച വഞ്ചിയുടെ ഒരു വശത്ത് മനുഷ്യ വിസർജ്ജ്യം കൊണ്ട് നിറയുന്നു. ഇവിടെ അവസാനിക്കുന്നില്ല ശിക്ഷ രീതി, ഇരയുടെ കൈയിലും കാലിലും മുഖത്തും എല്ലാം പാലും തേനും പൂശുന്നു. ഇത് കാരണം ചെറുപ്രാണികളും ഈച്ചകളും ഇരയുടെ അടുത്തേക്ക് എത്തുന്നു. ആദ്യം ഈ പ്രാണികൾ ശരീരത്തിലെ തേനും പാലും അകത്താക്കും, പതിയെ ഇവ ഇരയുടെ ശരീരം തന്നെ കാർന്നു തിന്നാൻ തുടങ്ങുന്നു. അതും പതിയെ പതിയെ. ഇങ്ങനെ പ്രാണികൾ ശരീരത്തിൽ ചെറിയ ചെറിയ മുറിവുകൾ ആണ് ആദ്യം ഉണ്ടാകുക. ചെറിയ മുറിവുകൾ അധികം വൈകാതെ വൃണങ്ങൾ ആയി മാറുന്നു. ഈ വൃണങ്ങളിൽ തന്നെ പ്രാണികൾ മുട്ടയിടുന്നു. ജീവനുള്ള മനുഷ്യ ശരീരത്തിൽ പുഴുക്കൾ കൊണ്ട് നിറയുന്നു.
ഈ വേദനാത്മകമായ അവസ്ഥയിൽ, ഇരയുടെ ശരീരം ദിവസങ്ങൾ കഴിയുന്തോറും ജീവിച്ചിരിക്കുന്ന ശവമായി മാറുന്നു. പുറത്തു പുരട്ടിയ തേൻ കാരണം സൂര്യപ്രകാശത്തിൽ ചൂടുപിടിച്ച മാംസം കീടങ്ങളെ വേഗത്തിൽ ആകർഷിക്കും. ഇരയുടെ രക്തം, മാംസം, അവയവങ്ങൾ എല്ലാം തന്നെ ചെറുജന്തുക്കളുടെ വിരുന്നായി മാറുന്നു. മാസം തുളച്ചു ആന്തരിക അവയവങ്ങൾ വരെ ചെറുജന്തുക്കൾ ഭക്ഷിച്ചിട്ടുണ്ടാകും. ഏറ്റവും ഭീകരമായത് – ഇതെല്ലാം നടക്കുന്നിടയിൽ ഇരക്ക് പൂർണ്ണബോധത്തോടെ ദിവസങ്ങളോളം ജീവിച്ചിരിക്കേണ്ടി വരും. മൃതപ്രായനായാൽ ഇരയെ വഞ്ചിയോടെ ഏതെങ്കിലും ജലാശയത്തിലേക്ക് തള്ളിവിടുന്നു. ശരീരത്തിലെ തൊലിയെല്ലാം ചുക്കി ചുളിങ്ങി, കണ്ണുകൾ തള്ളി മരണവും കാത്ത് ഇരകൾ ദിവസങ്ങൾ ഓളം കഴിയുന്നു. ഒടുവിൽ അമിതമായ രക്തസ്രാവം, അണുബാധ, വിശപ്പ്, ദാഹം, എന്നിവ കാരണം ഇര പതിയെ മരണമടയുന്നു.
ഗ്രീക്ക് ചരിത്രകാരനായ പ്ലൂട്ടാർക്ക് ആണ് സ്കാഫിസത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ആർടാക്സർക്സീസ് രണ്ടാമന്റെ കാലത്ത് രാജാവിനെതിരെ ദ്രോഹം നടത്തിയ മിത്രിഡേറ്റീസ് എന്ന പേർഷ്യൻ സൈനികനെ സ്കാഫിസത്തിലൂടെയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പ്ലൂട്ടാർക്കിന്റെ വിവരണം. മിത്രിഡേറ്റീസിന് പതിനേഴു ദിവസത്തോളം ജീവൻ ഉണ്ടായിരുന്നതായും, കൃത്യം പതിനെട്ടാം നാൾ മിത്രിഡേറ്റീസ് മരണപ്പെട്ടു അത്രേ. ലോകത്തിലെ ഏറ്റവും ദാരുണവും ഭീതിജനകവുമായ ശിക്ഷാരീതി തന്നെയാണ് സ്കാഫിസം. എന്നാൽ, സ്കാഫിസം വെറും കേട്ടു കഥയാണ് എന്നും പേർഷ്യക്കാരെ നീചരായി കാട്ടുവാൻ ആരൊക്കെയോ കെട്ടിച്ചമച്ച കഥകൾ മാത്രമാണ് സ്കാഫിസം എന്നും പറയപ്പെടുന്നു. സത്യമോ മിഥ്യയോ, എന്ത് തന്നെ ആയാലും ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ സ്കാഫിസം തന്നെയാണ് എന്നതിൽ തർക്കമില്ല.
Summary: Scaphism was one of the most brutal execution methods in ancient Persia, designed to prolong death through extreme torture. The condemned person was trapped between two boats or hollowed-out logs, force-fed milk and honey, and smeared with honey to attract insects. Left exposed on a stagnant pond or swamp, the victim slowly rotted alive as insects devoured their flesh.