റിയാദ്: പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് സൗദി അറേബ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 'കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്സലന്റ് ക്ലാസ്' അദ്ദേഹത്തിന് സമ്മാനിച്ചത്.(Saudi Arabia honors Asim Munir, Awarded highest civilian honor)
രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ ബഹുമതി നൽകിയത്. സൗദി അറേബ്യ ഒരു വിദേശിക്ക് നൽകുന്ന ഏറ്റവും ഉയർന്ന ദേശീയ ബഹുമതികളിൽ ഒന്നാണിത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി അസിം മുനീർ ചർച്ചകൾ നടത്തിയിരുന്നു. പ്രതിരോധ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക-സാമ്പത്തിക ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെ സൂചനയായാണ് ഈ ആദരവിനെ കാണുന്നത്.