ദുബായ്: യെമനിലെ ആഭ്യന്തര സംഘർഷം അയൽരാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. യുഎഇ പിന്തുണയുള്ള ദക്ഷിണ യെമൻ വിമതസേനയുടെ നിയന്ത്രണത്തിലുള്ള മുകല്ല തുറമുഖത്ത് സൗദി അറേബ്യ ബോംബാക്രമണം നടത്തി. ഫുജൈറയിൽ നിന്നെത്തിയ യുഎഇയുടെ രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.(Saudi Arabia bombs UAE ships in Yemen)
വിമതസേനയ്ക്കുള്ള ആയുധങ്ങളുമായാണ് കപ്പലുകളെത്തിയതെന്ന് സൗദി അറേബ്യ ആരോപിച്ചു. എന്നാൽ ഈ ആരോപണം യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. കപ്പലുകളിൽ ആയുധങ്ങളുണ്ടായിരുന്നില്ലെന്നും ആരോപണം വാസ്തവവിരുദ്ധമാണെന്നും യുഎഇ പ്രതികരിച്ചു. ഇതിനിടെ, യെമനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
ദക്ഷിണ യെമൻ പ്രത്യേക രാജ്യമാക്കാൻ ലക്ഷ്യമിടുന്ന സൗദി വിരുദ്ധ സേനയായ സതേൺ ട്രാൻസിഷനൽ കൗൺസിൽ (STC) കഴിഞ്ഞ ദിവസമാണ് മുകല്ല തുറമുഖ നഗരം പിടിച്ചെടുത്തത്. യുഎഇയുടെ സഹായത്തോടെയാണ് ഈ നീക്കമെന്നും ഇത് മേഖലയിൽ അത്യന്തം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സൗദി വിമർശിച്ചു.
സംഭവത്തെത്തുടർന്ന് യുഎഇയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി യെമനിലെ സൗദി അനുകൂല പ്രസിഡൻഷ്യൽ കൗൺസിൽ അറിയിച്ചു. 24 മണിക്കൂറിനകം യുഎഇ സൈന്യം യെമൻ വിടണമെന്നും കൗൺസിൽ അന്ത്യശാസനം നൽകിയിട്ടുണ്ട്.