മോസ്കോ: ഒരു കാലത്ത് പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യങ്ങൾ വശീകരിച്ച് ചോർത്തി എന്ന ആരോപണം നേരിട്ട അന്ന ചാപ്മാന് പുതിയ ദൗത്യം. 2010-ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട, ചുവന്ന മുടിയുള്ള ഈ കുപ്രസിദ്ധ റഷ്യൻ ചാരവനിതയെ റഷ്യൻ ഇൻ്റലിജൻസ് മ്യൂസിയത്തിൻ്റെ മേധാവിയായിട്ടാണ് നിയമിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരിക്കലും പിടിക്കപ്പെടാത്ത ചാരന്മാരുടെ കഥ ലോകത്തോട് പറയുക എന്നതാണ് അന്നയുടെ പുതിയ ദൗത്യം.(Russia's Red-Haired 'Black Widow' Returns For New Spy Mission)
വ്‌ളാഡിമിർ പുടിന്റെ വിദേശ ചാര ഏജൻസിയായ എസ്.വി.ആറുമായി (SVR) നേരിട്ട് ബന്ധമുള്ളതാണ് ഈ മ്യൂസിയം. മോസ്കോയിലെ ഗോർക്കി പാർക്കിന് സമീപമാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റഷ്യൻ ചാരപ്രവർത്തനങ്ങളുടെ ചരിത്രവും നേട്ടങ്ങളും ഇവിടെ പ്രദർശിപ്പിക്കും. എസ്.വി.ആർ. മേധാവിയും പുടിന്റെ അടുത്ത അനുയായിയുമായ സെർജി നരിഷ്‌കിന്റെ മേൽനോട്ടത്തിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുക.
എഫ്.ബി.ഐ. കസ്റ്റഡി മുതൽ ചാരപ്പണി വരെ
അന്നയുടെ കഥ ഒരു ചാര സിനിമയെ പോലും പിന്നിലാക്കുന്നതാണ്. 2010-ൽ 'ഓപ്പറേഷൻ ഗോസ്റ്റ് സ്റ്റോറീസി'ന്റെ ഭാഗമായി ന്യൂയോർക്കിൽ വെച്ചാണ് റഷ്യൻ സ്ലീപ്പർ സെല്ലിലെ അംഗമായിരുന്ന അന്നയെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്. യുഎസിൽ അനധികൃതമായി താമസിച്ചിരുന്ന ചാരന്മാരെ ഒരു പതിറ്റാണ്ട് നീണ്ട അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.
2009-ൽ മാൻഹട്ടണിലേക്ക് മാറിയപ്പോൾ താൻ റിയൽ എസ്റ്റേറ്റ് ബിസിനസിലാണ് പ്രവർത്തിക്കുന്നതെന്നാണ് അന്ന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, റഷ്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ അവർ തങ്ങളുടെ ലാപ്ടോപ്പ് ഉപയോഗിച്ച് രഹസ്യ വയർലെസ് നെറ്റ്‌വർക്കുകൾ സ്ഥാപിച്ചിരുന്നതായി എഫ്.ബി.ഐ. പിന്നീട് വെളിപ്പെടുത്തി. യുഎസിലെത്തിയതിനും അറസ്റ്റിനും ഇടയിലായി ഏകദേശം പത്ത് തവണ അവർ ഈ പ്രവർത്തനം നടത്തിയെന്നായിരുന്നു എഫ്.ബി.ഐ.യുടെ കണ്ടെത്തൽ.
2010 ജൂൺ 27-ന് അന്നയെയും മറ്റ് ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. 11 ദിവസങ്ങൾക്ക് ശേഷം, റഷ്യൻ ഫെഡറേഷന്റെ നിയമവിരുദ്ധ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ഇവർ സമ്മതിച്ചു. തുടർന്ന് നടന്ന പ്രശസ്തമായ ചാര കൈമാറ്റത്തിൽ (Spy Swap), പടിഞ്ഞാറൻ ഇന്റലിജൻസുമായി സഹകരിച്ച നാല് റഷ്യൻ പൗരന്മാരെ മോചിപ്പിച്ചതിന് പകരമായി യുഎസ് ഇവരെ മോസ്കോയിലേക്ക് നാടുകടത്തി. പിന്നീട് സാലിസ്ബറിയിൽ വിഷബാധയേൽക്കുകയും ക്രെംലിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുകയും ചെയ്ത സെർജി സ്ക്രിപാൽ ഈ കൈമാറ്റത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു.
ബ്ലാക്ക് വിഡോ വിശേഷണം
അറസ്റ്റിന് മുമ്പ് ലണ്ടനിൽ താമസിച്ചിരുന്ന അന്ന, തന്റെ ആകർഷകമായ വ്യക്തിത്വവും സാമൂഹിക വൈദഗ്ധ്യവും ഉപയോഗിച്ച് രാഷ്ട്രീയക്കാർ, വ്യവസായികൾ, വൻകിട മുതലാളിമാർ എന്നിവരുടെ ഉന്നത വലയങ്ങളിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പലരും അവരെ മാർവൽ കോമിക്സിലെ 'ബ്ലാക്ക് വിഡോ' എന്ന് വിശേഷിപ്പിക്കാൻ കാരണം ഈ കഥകളാണ്. നെറ്റ്വർക്കിംഗിലുള്ള അവരുടെ കഴിവ് ശ്രദ്ധിച്ച ഒരു റഷ്യൻ ഏജന്റാണ് പിന്നീട് അന്നയെ ചാരവൃത്തിയിലേക്ക് റിക്രൂട്ട് ചെയ്തത്.
ബ്രിട്ടീഷ് പൗരനായ അലക്സ് ചാപ്മാനുമായുള്ള വിവാഹത്തിലൂടെയാണ് അവർക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്. ഈ ബന്ധം നാടകീയമായി അവസാനിച്ചു. തന്നെ പവർ ഡ്രിൽ ഉപയോഗിച്ച് കൊല്ലാൻ അന്ന ശ്രമിച്ചതായി അലക്സ് ഒരിക്കൽ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 'ബോണ്ടിഅന്ന: ടു റഷ്യ വിത്ത് ലവ്' എന്ന ആത്മകഥയിൽ അവർ സ്വയം ഒരു യഥാർത്ഥ 007 വനിതയായി ചിത്രീകരിക്കുന്നു.
റഷ്യയിൽ തിരിച്ചെത്തിയ ശേഷം
റഷ്യയിൽ തിരിച്ചെത്തിയ ശേഷം, അന്ന ആദ്യം ഒരു വ്യവസായിയായും പിന്നീട് ടിവി അവതാരകയായും സോഷ്യൽ മീഡിയ താരമായും വേഗത്തിൽ മാറി. പുടിന്റെ വിശ്വസ്ത പിന്തുണക്കാരിയായ അവർ റഷ്യൻ ദേശസ്നേഹ ക്യാമ്പയിനുകളിൽ പ്രത്യക്ഷപ്പെടുകയും റഷ്യൻ രഹസ്യാന്വേഷണത്തിന്റെ ദേശീയ അഭിമാന ചിഹ്നമായി മാറുകയും ചെയ്തു. നിലവിൽ ഒരു ആൺകുട്ടിയുടെ അമ്മയാണ്. ഇപ്പോൾ 43 വയസുള്ള അവർ അന്ന റോമനോവ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരമ്പരാഗത റഷ്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അവർ തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.