കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച പുലർച്ചെ റഷ്യയുടെ വ്യോമാക്രമണം. ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ കടന്നാക്രമണത്തിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.(Russia's massive attack on Kyiv ahead of crucial peace talks)
ശനിയാഴ്ച പുലർച്ചെ മുതൽ നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സൈന്യം നിർദ്ദേശം നൽകി. ആക്രമണത്തെത്തുടർന്ന് കീവിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ജനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടിയിരിക്കുകയാണ്. യുക്രെയ്ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്കായി യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നാളെ (ഞായറാഴ്ച) ഫ്ലോറിഡയിലേക്ക് തിരിക്കാനിരിക്കെയാണ് ഈ ആക്രമണം. നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള 20 ഇന സമാധാന പദ്ധതിയെക്കുറിച്ച് ട്രംപും സെലെൻസ്‌കിയും ചർച്ച നടത്താനിരിക്കുകയാണ്.
അതിർത്തി പ്രദേശങ്ങളായ ഖാർകിവിലും ഡിനിപ്രോപെട്രോവ്സ്കിലും റഷ്യൻ സൈന്യം പുതിയ മുന്നേറ്റങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സമാധാന കരാറിന് മുൻപ് പരമാവധി പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമമാണിതെന്ന് കരുതപ്പെടുന്നു.