

ദുബായ്: ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്തുവെന്ന സംശയത്തെത്തുടർന്ന് മുൻ ഭാര്യയെ ദുബായിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തി. റഷ്യൻ എയർലൈൻസ് ജീവനക്കാരിയായ അനസ്താസ്യ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുൻ ഭർത്താവായ ആൽബർട്ട് മോർഗനെ (41) റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു.
ദുബായിലെ വോക്കോ ബോണിങ്ടൺ ഹോട്ടലിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ലോൺട്രിയിൽ നിന്നുള്ള ഹോട്ടൽ റോബ് ധരിച്ചെത്തിയ മോർഗൻ ഹൗസ് കീപ്പിങ് ജീവനക്കാരെ കബളിപ്പിച്ചാണ് അനസ്താസ്യ താമസിച്ചിരുന്ന മുറിയിൽ കയറിയത്. കഴുത്തിലും ശരീരത്തിലുമായി പതിനഞ്ചിലധികം കുത്തുകളേറ്റ നിലയിലാണ് അനസ്താസ്യയെ കണ്ടെത്തിയത്.
നിയമോപദേഷ്ടാവായ മോർഗനും അനസ്താസ്യയും രണ്ടു വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞവരാണ്. എന്നാൽ വിവാഹസമയത്ത് അനസ്താസ്യക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്നുവെന്നും മോർഗൻ സംശയിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം യുവതിയുടെ സ്വകാര്യ സന്ദേശങ്ങൾ പരിശോധിച്ചതോടെയാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്.
റഷ്യയിൽ നിന്നും യുഎഇയിൽ എത്തിയ മോർഗന്റെ ആദ്യ പദ്ധതി യുവതിയുടെ ശരീരത്തിൽ പച്ച പെയിന്റ് അടിക്കാനും മുടി വെട്ടിമാറ്റാനുമായിരുന്നു. എന്നാൽ മുറിയിൽ വെച്ചുണ്ടായ തർക്കം മൂർച്ഛിച്ചതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
മുൻപ് മയക്കുമരുന്ന് കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മോർഗൻ. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് റഷ്യൻ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.