

മോസ്‌കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികൾ ഇന്ന് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് പ്രധാന ചർച്ച നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനായ ജെറാൾഡ് കുഷ്‌നറും ചർച്ചകളിൽ പങ്കെടുക്കും.(Russia-US talks in Moscow today, Crucial to end Ukraine war)
അതിനിടെ, കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യക്ക് വിട്ടുനൽകില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ആവർത്തിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിൽ യുക്രെയ്ൻ-അമേരിക്കൻ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സെലെൻസ്കിയുടെ ഈ പ്രതികരണം.
റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും, അവർ തന്നെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുക്കിയ സമാധാന പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ യുക്രെയ്ൻ തയ്യാറാണെന്നും, തർക്കവിഷയങ്ങൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്‌നെക്കുറിച്ചുള്ള സുരക്ഷാ തീരുമാനങ്ങളിൽ യുക്രെയ്‌നെ ഭാഗമാക്കണം. യുക്രെയ്‌നെ കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നും സെലെൻസ്കി അഭിപ്രായപ്പെട്ടു.
അന്തിമ സമാധാന പദ്ധതിയെക്കുറിച്ച് പറയാനുള്ള സമയമായിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതികരിച്ചു. കിഴക്കൻ യുക്രെയ്ൻ നഗരമായ പൊക്രോവ്സ്ക് പിടിച്ചെടുത്തതായി റഷ്യ അവകാശവാദം ഉന്നയിച്ചു. മോസ്‌കോയിലെ ഇന്നത്തെ കൂടിക്കാഴ്ച യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.