
മോസ്കോ: യുക്രെയ്നുമായി ഭാഗിക വെടിനിർത്തൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ-യു.എസ് ഉദ്യോഗസ്ഥർ വീണ്ടും ചർച്ചകൾ നടത്തി. യുക്രെയ്ൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തിയത്. സൗദി അറേബ്യയിലെ റിയാദിലാണ് കൂടിക്കാഴ്ച നടന്നതെന്ന് റഷ്യൻ ഔദ്യോഗിക വാർത്ത ഏജൻസികളായ ടാസും റിയയും അറിയിച്ചു.
ഊർജ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുക, സുരക്ഷിതമായ വാണിജ്യ കപ്പൽ യാത്ര ഉറപ്പാക്കാൻ കരിങ്കടലിൽ ആക്രമണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇരുവിഭാഗവും പ്രധാനമായും ചർച്ച ചെയ്തതെന്നാണ് വിവരം.