

കീവ്: മിയാമിയിൽ നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെ ഉക്രെയ്നിൽ (Ukraine) വീണ്ടും റഷ്യയുടെ കനത്ത വ്യോമാക്രമണം. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടർന്ന് ഉക്രെയ്നിലെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു.
ഉക്രെയ്നിലെ 13 പ്രവിശ്യകളെ ലക്ഷ്യമിട്ട് റഷ്യ 30 മിസൈലുകളും 650 ഡ്രോണുകളുമാണ് പ്രയോഗിച്ചതെന്ന് പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി അറിയിച്ചു. സെൻട്രൽ ഷൈറ്റോമിർ മേഖലയിൽ നടന്ന ആക്രമണത്തിലാണ് നാല് വയസ്സുകാരനും മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടത്. കീവിന് പുറത്ത് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശൈത്യകാലത്ത് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് റഷ്യ ഊർജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് ക്രൂരമായ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ രാജ്യത്തെ ഊർജ്ജ ശൃംഖലയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചെർണിഹീവ്, ലിവിവ്, ഒഡേസ എന്നീ മേഖലകളിൽ അടിയന്തര വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഉക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ മേഖലകളിൽ ആക്രമണം കടുപ്പിച്ചതിനെത്തുടർന്ന് നാറ്റോ അംഗരാജ്യമായ പോളണ്ട് തങ്ങളുടെ യുദ്ധവിമാനങ്ങൾ സുരക്ഷയ്ക്കായി ആകാശത്ത് വിന്യസിച്ചു. റഷ്യയ്ക്കും പുടിനുമെതിരെ ലോകരാജ്യങ്ങൾ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ട സമയമാണിതെന്ന് സെലെൻസ്‌കി എക്‌സിൽ കുറിച്ചു.
Russia launched a massive air assault on Ukraine on Tuesday, firing over 650 drones and 30 missiles, resulting in the death of three people, including a 4-year-old child. The strikes specifically targeted energy infrastructure just days before Christmas, leading to nationwide emergency power outages. In response to the strikes near its border, Poland scrambled military jets to secure its airspace, while President Zelenskyy called for more global pressure on Russia following the failure of recent peace talks.