കീവ്: യുക്രെയ്‌നുമായുള്ള യുദ്ധത്തിലേക്ക് റഷ്യ ചൈനയെ വലിച്ചിഴയ്ക്കുന്നുവെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ചൈനയിലെ ഡസൻ കണക്കിനു പൗരന്മാരെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നുണ്ടെന്ന കാര്യം ചൈനയ്ക്ക് അറിയാം. യുദ്ധമുന്നണിയിൽ വിന്യസിച്ച 155 ചൈനീസ് പൗരന്മാരുടെ പേരുകളും പാസ്‌പോർട്ടും ഉൾപ്പെടെയുള്ള വിവരങ്ങൾ യുക്രെയ്ന്റെ കൈവശമുണ്ട്. റഷ്യൻ സേനയിൽ കൂടുതൽ ചൈനീസ് പൗരന്മാരുണ്ടെന്നും സെലെൻസ്കി ആരോപിച്ചു.
കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു കഴിഞ്ഞദിവസം റഷ്യൻസേനയിലെ 2 ചൈനീസ് പൗരന്മാരെ പിടികൂടിയതായി യുക്രെയ്ൻ അറിയിച്ചിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ യുദ്ധം ചെയ്യുന്നതിനു പരസ്യമായി ചൈനീസ് പൗരന്മാരെ ഉപയോഗിക്കുന്നതു യുദ്ധം വിപുലീകരിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണ്. ടിക് ടോക്ക് പോലൂള്ള സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് ചൈനക്കാരെ റഷ്യൻ സേനയിൽ ചേര്‍ക്കുന്നതെന്നും സെലെൻസ്കി പറഞ്ഞു.
എന്നാൽ, റഷ്യൻ സേനയിൽ നിരവധി ചൈനീസ് പൗരന്മാരുണ്ടെന്ന വാദം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ നിരസിച്ചിരുന്നു. സായുധ സംഘട്ടനങ്ങളിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.